സ്വന്തം പാര്‍ട്ടിതാല്‍പ്പര്യങ്ങളെക്കാള്‍ രാജ്യത്തിന്റെ ഐക്യത്തിനും ജനങ്ങളുടെ സമാധാനത്തിനും പ്രാധാന്യം നല്‍കിയ ഭരണാധികാരിയാണ് രാജീവ് ഗാന്ധിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി. കെപിസിസിയില്‍ സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

ഇന്ന് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നവര്‍ സ്വന്തം പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി അവര്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നു. രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നു. ജനങ്ങളെ വര്‍ഗീയവത്കരിക്കുന്നു. രാജീവ് ഗാന്ധിയുടെ ഭരണകാലയളവില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആഭ്യന്തര പ്രശ്നങ്ങളും സംഘര്‍ഷങ്ങളും വ്യാപകമായിരുന്നു.രക്തപ്പുഴ ഒഴുകിയിരുന്ന ഇവിടങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ അദ്ദേഹം സ്വന്തം പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ പോലും ബലികഴിച്ച് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി. അധികാരം നിലനിര്‍ത്താന്‍ നിരപരാധികളായ ജനങ്ങളുടെ ജീവന്‍ നഷ്ടമാകരുതെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അതിന്റെ പേരില്‍ പാര്‍ട്ടിക്ക് ഉണ്ടാകുന്ന ഏത് നഷ്ടവും വലുതല്ലെന്ന് രാജീവ് ഗാന്ധി ഉറച്ച് വിശ്വസിച്ചു. ധീരമായ നടപടികളിലൂടെ രാജീവ് ഗാന്ധി അത് നമുക്ക് കാണിച്ചുതന്നു. പഞ്ചാബിലും അസമിലും മിസോറാമിലുമൊക്കെ അദ്ദേഹം മുന്‍കൈയെടുത്ത് പരിഹരിച്ച രാഷ്ട്രീയ ഒത്തുതീര്‍പ്പുകള്‍ അതിന് ഉദാഹരണങ്ങളാണ്.ഇന്നത്തെ ഭരണാധികാരികള്‍ രാജീവ് ഗാന്ധിയുടെ ഭരണമികവുകള്‍ കണ്ടുപഠിക്കണമെന്നും എകെ ആന്റണി പറഞ്ഞു.

രാജീവ് ഗാന്ധി ഇന്ത്യയുടെ ഭാവിയെ സ്വപ്നം കണ്ട ഭരണാധികാരിയായിരുന്നു. ഇന്ന് രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ഡിജിറ്റല്‍ ഇന്ത്യയെന്ന ആശയത്തിന് അടിത്തറപാകിയതും ശാസ്ത്ര സാങ്കേതിക രംഗത്തെ വികസന കുതിപ്പിന് തുടക്കമിട്ടതും രാജീവ് ഗാന്ധിയിലെ ഭരണകര്‍ത്താവിന്റെ മികവാണ്.മഹാത്മഗാന്ധി സ്വപ്നം കണ്ട ഗ്രാമങ്ങളുടെ ശാക്തീകരണം രാജീവ് ഗാന്ധി യാഥാര്‍ത്ഥ്യമാക്കിയത് പഞ്ചായത്ത് രാജ് നിയമം നടപ്പാക്കിയാണെന്നും എകെ ആന്റണി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *