തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പുതിയ ജനപ്രതിനിധികൾ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വ്യാഴാഴ്ച രാവിലെ ഒൻപതുമണിയോടെ ആരംഭിച്ച ചടങ്ങിൽ, നിയുക്ത എംഎൽഎമാർ അക്ഷരമാലാക്രമത്തിലാണ് സത്യവാചകം ചൊല്ലിയത്. പ്രോടേം സ്പീക്കർ ജി. സുധാകരന്റെ സാന്നിധ്യത്തിലായിരുന്നു സഭാനടപടികൾ. കളമശ്ശേരി എംഎൽഎയും ഫിഷറീസ് മന്ത്രിയുമായ വി.ഇ. അബ്ദുൾ ഗഫൂർ ആണ് ആദ്യം സത്യപ്രതിജ്ഞ നിർവഹിച്ചത്. ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് സത്യവാചകം ചൊല്ലിയത്.
കോൺഗ്രസിൻ്റെ യുവമുഖങ്ങളായ കെ.എം. അഭിജിത്തും അബിന്‍ വര്‍ക്കിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രതിപക്ഷത്ത് നിന്ന് ആദ്യം സത്യപ്രതിജ്ഞ ചെയ്തത് പുനലൂർ എംഎൽഎ സി. അജയ് പ്രസാദാണ്. മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫ് കന്നട ഭാഷയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി.ഇ. അബ്ദുൾ ഗഫൂർ, പാറക്കൽ അബ്ദുള്ള, ബിന്ദു കൃഷ്ണ തുടങ്ങിയവർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ, സി. അജയ് പ്രസാദ്, എൻ.കെ. അക്ബർ, ഒ.എസ്. അംബിക, വി.ടി. ബൽറാം, കെ.എൻ. ബാലഗോപാൽ തുടങ്ങിയവർ സഗൗരം സത്യപ്രതിജ്ഞ ചെയ്തു. ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാത്ത യുഡിഎഫ് നിരയിലെ ആദ്യ എംഎൽഎയായി വി.ടി. ബൽറാം. ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ടീ ഷർട്ട് ധരിച്ചാണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്.
നാളെയാണ് സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ്. 29നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ ഒന്ന് മുതൽ മൂന്ന് വരെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ മേലുള്ള ചർച്ചകൾ നടക്കും.
