വ്യാജ സർട്ടിഫിക്കറ്റ് വിവാദം തന്നെയും കെ എസ് യുവിനെയും അപമാനിക്കാനുള്ള ഗൂഢാലോചനയാണെന്ന ആരോപണവുമായി സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീല്‍. ഡിഗ്രിക്ക് ചേർന്നെങ്കിലും താൻ കോഴ്സ് പൂർത്തിയാക്കിയിട്ടില്ലെന്നും അത് കൊണ്ട് തന്നെ സർട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ലെന്നും അൻസിൽ പറഞ്ഞു. തുടര്‍ പഠനത്തിനോ ജോലിക്കോ ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിട്ടില്ല. ഇപ്പോള്‍ ജോലി ചെയ്യുന്നത് പ്ലസ്ടു യോഗ്യതയുള്ള തസ്തികയിലാണെന്നും അന്‍സില്‍ വ്യക്തമാക്കി.
‘‘ജോലി നേടാനായി ഞാൻ വ്യാജമായി സൃഷ്ടിച്ചെന്നു പറയുന്ന ഡിഗ്രി സർട്ടിഫിക്കറ്റുമായി എനിക്ക് യാതൊരു ബന്ധവുമില്ല. പിണറായി വിജയനും അദ്ദേഹത്തിന്റെ പോലീസും സർവ സംവിധാനങ്ങളും ഊർജിതമായി പ്രവർത്തിക്കുന്ന ഈ ഘട്ടത്തിൽ, എനിക്കെതിരെ ഒരു പത്രത്തിൽ വാർത്ത വന്നത് 13–ാം തീയതിയാണ്. എന്റെ ഫോട്ടോ സഹിതമാണ് ഒന്നാം പേജിൽ അച്ചടിച്ചു വന്നത്. ഞാൻ അന്നാണ് ഈ സർട്ടിഫിക്കറ്റ് കാണുന്നത്. പിറ്റേന്നുതന്നെ ആലപ്പുഴ പോലീസ് മേധാവിക്ക് പരാതി നൽകി.
സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പ്രതികളെ എത്രയും വേഗം കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. വാർത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ മാനനഷ്ടത്തിനു കേസും ഫയൽ ചെയ്തു. വാർത്ത വന്ന അന്നുതന്നെ ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ പൊലീസ് സംഘമെത്തി അന്വേഷണം നടത്തിയതാണ്. സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതോടെ അവർ മടങ്ങുകയും ചെയ്തു’’ – അൻസിൽ പറഞ്ഞു.
‘‘ഇതെല്ലാം കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷമാണോ അവർക്ക് കേസ് റജിസ്റ്റർ ചെയ്യണമെന്ന് തോന്നിയത്? ഞാൻ വെല്ലുവിളിക്കുന്നു, ഇത്തരമൊരു ആരോപണം നേരിടുന്ന ഏതെങ്കിലുമൊരു എസ്എഫ്ഐക്കാരന് ഇതുപോലെ മാധ്യമങ്ങളുടെ മുന്നിൽ വന്ന് നിൽക്കാൻ പറ്റുമോ? കായംകുളത്തുള്ള എസ്എഫ്ഐ നേതാവിന്റെ കാര്യം തന്നെയെടുക്കുക. ആരോപണം വന്നപ്പോൾത്തന്നെ അയാൾ മുങ്ങി. ഇതുപോലൊരു ആരോപണം നേരിട്ട വിദ്യ എന്ന എസ്എഫ്ഐ നേതാവും മുങ്ങി. എന്റെ മടിയിൽ കനമില്ല, എനിക്കു പേടിയുമില്ല. സിപിഎം അല്ലേ കേരളം ഭരിക്കുന്നത്? അവരുടെ പോലീസ് അല്ലേ ഇവിടുള്ളത്. എനിക്കെതിരായ ആരോപണത്തിൽ എന്തെങ്കിലും കഴമ്പുണ്ടെങ്കിൽ അവർ വെറുതെ വിടില്ലെന്ന് എന്നേക്കാൾ നന്നായി നിങ്ങൾക്കെല്ലാം അറിയാം.’
