മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ട്വിറ്റർ ഉടമയും ടെസ്‌ല സി ഇ ഒയുമായ ഇലോൺ മാസ്കുമായി കൂടിക്കാഴ്ച നടത്തി. താൻ പ്രധാനമന്ത്രി മോദിയുടെ വലിയൊരു ആരാധകനാണെന്ന്, കൂടിക്കാഴ്ചയ്ക്കു ശേഷം മസ്ക് പ്രതികരിച്ചു. ഇന്ത്യയിൽ ഫാക്ടറി സ്ഥാപിക്കാനുള്ള താൽപര്യവും അതുമായി ബന്ധപ്പെട്ട പദ്ധതികളും മസ്ക്, മോദിയുമായി പങ്കുവച്ചതായാണ് വിവരം.

‘‘പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ച വളരെ നന്നായിരുന്നു. അദ്ദേഹത്തെ എനിക്ക് വലിയ ഇഷ്ടമാണ്. ഏതാനും വർഷങ്ങൾക്കു മുൻപ് അദ്ദേഹം ഞങ്ങളുടെ ഫാക്ടറി സന്ദർശിച്ചിരുന്നു. അതുകൊണ്ടു തന്നെ കുറച്ചു നാളായി ഞങ്ങൾ തമ്മിൽ നല്ല പരിചയമുണ്ട്. ഇന്ത്യയുടെ ഭാവിയെക്കുറിച്ച് എനിക്ക് വലിയ ആകാംക്ഷയാണ്. ലോകത്ത് മറ്റേതൊരു രാജ്യവുമായും തട്ടിച്ചുനോക്കിയാൽ, ഇന്ത്യയ്ക്ക് മികച്ച ഭാവിയുണ്ടെന്ന് വ്യക്തമാണ്’’ – കൂടിക്കാഴ്ചയ്ക്കു ശേഷം മസ്ക് പറഞ്ഞു.

മനുഷ്യന് സാധ്യമാകുന്നത്ര വേഗത്തിൽ ടെസ്‌ല ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും, ഒരു ചോദ്യത്തിന് ഉത്തരമായി മസ്ക് വ്യക്തമാക്കി. ‘‘പ്രധാനമന്ത്രി മോദിക്ക് ഇന്ത്യയെക്കുറിച്ച് വലിയ കരുതലുണ്ട്. കാരണം, ഇന്ത്യയിൽ നിക്ഷേപം നടത്താൻ അദ്ദേഹം ഞങ്ങളെ കാര്യമായിത്തന്നെ നിർബന്ധിക്കുന്നു. ഞങ്ങൾക്കും അക്കാര്യത്തിൽ സമാന നിലപാടാണ്. ഇന്ത്യയിലേക്കുള്ള വരവ് എന്നു വേണമെന്നു മാത്രം ഇനി തീരുമാനിച്ചാൽ മതിയെന്നും മാസ്ക് പറഞ്ഞു.

‘‘ഇന്ത്യയ്ക്കു വേണ്ടി ഏറ്റവും ഉചിതമായ കാര്യങ്ങൾ ചെയ്യണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ട്. ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന കമ്പനികളോട് വലിയ തുറവിയുള്ള, അവരെ പിന്തുണയ്ക്കുന്നയാളാണ് മോദി. ഇതെല്ലാം ഇന്ത്യയ്ക്ക് ഗുണകരമാകുന്നുവെന്ന് ഉറപ്പാക്കുന്നുമുണ്ട്’’ ഇലോൺ മാസ്ക് കൂട്ടിച്ചേർത്തു.

നേരത്തെ, വാഷിങ്ടനിലെ ആൻഡ്രൂസ് എയർഫോഴ്സ് ബേസിൽ രാത്രി പത്തരയോടെ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്ക് ഇന്ത്യൻ സമൂഹം വൻ സ്വീകരണം നൽകി. 24 വരെയാണു മോദിയുടെ യുഎസ് സന്ദർശനം. ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂയോർക്ക് ആസ്ഥാനത്ത് രാജ്യാന്തര യോഗാദിനാചരണത്തിനു മോദി നേതൃത്വം നൽകും. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും വൈകിട്ട് സ്വകാര്യ വിരുന്ന് നൽകി മോദിയുമായി സൗഹൃദം പങ്കിടും. നാളെ വൈറ്റ്ഹൗസിൽ വൻ വരവേൽപ്പുണ്ട്. ഓവൽ ഓഫിസിൽ പ്രസിഡന്റ് ബൈ‍ഡനുമായി കൂടിക്കാഴ്ച. കോൺഗ്രസ് സംയുക്ത സമ്മേളനത്തിലും മോദി പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *