തെല്‍ അവിവ്: വടക്കന്‍ ഇസ്രായേലിലെ ഹൈഫക്ക് നേരെ നടന്ന മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേല്‍ ആഭ്യന്തര മന്ത്രി മോഷെ അര്‍ബെലിന്റെ വീട് ഭാഗികമായി തകര്‍ന്നു. വീഡിയോ ദൃശ്യങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസ് പുറത്തു വിട്ടു. ഇസ്രായേലിലെ ഏറ്റവും തിരക്കേറിയ തുറമുഖവും നാവിക താവളവും ഹൈഫയിലാണ്.
ഹൈഫയില്‍ നടന്ന ആക്രമണത്തില്‍ ഒരു ചര്‍ച്ചിനും കേടുപാടുകള്‍ സംഭവിച്ചു. ആക്രമണം നടക്കുമ്പോള്‍ പുരോഹിതന്മാര്‍ പള്ളിയില്‍ ഉണ്ടായിരുന്നുവെന്ന് ഇസ്രായേല്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഹൈഫയിലെ ഇസ്രായേലിന്റെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല ഇറാന്‍ മുമ്പ് ആക്രമിച്ചിരുന്നു.
മിസൈല്‍ ആക്രമണത്തിന് പിന്നാലെ മധ്യ ഇസ്രായേലിലെ ഒരു നാല് നില അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ തീപിടിത്തമുണ്ടായി. ചിലര്‍ പരിക്കേറ്റിട്ടുണ്ട്. തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അതേസമയം ബെന്‍ ഗുരിയോണ്‍ വിമാനത്താവളവും ആക്രമിച്ചതായി ഇറാനിയന്‍ റവലൂഷണറി ഗാര്‍ഡ് അറിയിച്ചു. ഇതിനിടെ ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിലും ഇസ്ഫഹാനിലും വ്യാപക ആക്രമണം തുടരുന്നതായി ഇസ്രായേല്‍ അവകാശപ്പെട്ടു.