മലയാളത്തിന്റെ അതുല്യനടന്‍ ജഗതി ശ്രീകുമാറിനെ യാത്രക്കിടെ കണ്ടുമുട്ടിയ വിശേഷം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെയായിരുന്നു അദ്ദേഹത്തെ കണ്ടതെന്നും സുഖവിവരങ്ങള്‍ അന്വേഷിച്ചുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

വിമാന യാത്രക്കിടെ ജഗതിയെ അദ്ദേഹത്തിന്റെ സീറ്റിലെത്തി കണ്ട് മുഖ്യമന്ത്രി സുഖവിവരം തിരക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് വിശ്രമജീവിതം നയിക്കുകയാണ് ജഗതി. കുടുകുടാ ചിരിപ്പിച്ച ജഗതിയെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാവതല്ല. അപകടത്തെ തുടര്‍ന്ന് ശരീരചലനവും സംസാരശേഷിയും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. ചക്രക്കസേരയില്‍ ജീവിതം നയിക്കുമ്പോഴും രണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം.

ഈയടുത്ത് അരുണ്‍ ചന്ദു സംവിധാനം ചെയ്ത വല എന്ന ചിത്രത്തില്‍ ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ച ശാസ്ത്രജ്ഞനുമായ സ്റ്റീഫന്‍ ഹോക്കിങിനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ അദ്ദേഹം വേഷം ചെയ്തിരുന്നു. 2012 മാര്‍ച്ച് 12ന് പുലര്‍ച്ചെയാണ് മലപ്പുറം പാണമ്പ്ര വളവിലെ ഡിവൈഡറില്‍ ഇടിച്ച് ജഗതി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഷൂട്ടിങ് സെറ്റിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *