കോഴിക്കോട്: യൂറോപ്പിലെ ഏറ്റവും പ്രശസ്തവും ചരിത്രപാരമ്പര്യമുള്ളതുമായ മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഫ്രാൻസിലെ പാരീസിലുള്ള ഇ.എസ്.സി.പി. (ESCP) ബിസിനസ് സ്കൂളിൽ നിന്ന് മാസ്റ്റർ ഇൻ മാനേജ്മെന്റ് (MiM) ബിരുദം മികച്ച നേട്ടത്തോടെ പൂർത്തിയാക്കി സുനൂൻ അബ്ദുൽ അസീസ്. പഠനമികവിന്റെ അടിസ്ഥാനത്തിൽ ബാച്ചിലെ ഒന്നാം സ്ഥാനക്കാരനായാണ് സുനൂൻ കോൺവൊക്കേഷൻ ചടങ്ങിൽ ബിരുദം ഏറ്റുവാങ്ങിയത്.
1819-ൽ സ്ഥാപിതമായ ഇ.എസ്.സി.പി. യൂറോപ്പിലെ ഏറ്റവും പഴക്കമേറിയ ബിസിനസ് സ്കൂളുകളിൽ ഒന്നാണ്. ഫ്രാൻസ്, ജർമ്മനി, സ്പെയിൻ, ഇറ്റലി, പോളണ്ട്, യുകെ എന്നിവിടങ്ങളിലായി ക്യാമ്പസുകളുള്ള ഈ സ്ഥാപനം അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനേജ്മെന്റ് വിദ്യാഭ്യാസത്തിന് പേരുകേട്ടതാണ്.

ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിസിക്സിൽ മികച്ച വിജയത്തോടെ ബിരുദം നേടിയ സുനൂൻ, GMAT പ്രവേശന പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ ശേഷമാണ് ഇ.എസ്.സി.പി. ബിസിനസ് സ്കൂളിൽ പ്രവേശനം നേടിയത്. പഠനമികവും കഠിനാധ്വാനവും ആത്മസമർപ്പണവും കൊണ്ടാണ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് മികച്ച വിജയത്തോടെ മാസ്റ്റർ ഇൻ മാനേജ്മെന്റ് ബിരുദം പൂർത്തിയാക്കിയ സുനൂന്റെ നേട്ടം കുടുംബത്തിനും നാടിനും അഭിമാനകരമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
