സംസ്ഥാനത്ത് മഴക്കെടുതികൾക്ക് സാധ്യതയേറുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് നിലവിൽ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. നാളെയും ഇതേ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരും. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണ് ശക്തമായ മഴ എന്നതുകൊണ്ട് കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്. രാജ്യത്ത് മൺസൂൺ വീണ്ടും ശക്തിപ്രാപിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരും ആഴ്ചയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുടനീളം മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
ജൂൺ 23 വരെ കേരളത്തിലും മാഹിയിലും കനത്ത മഴ തുടരാനാണ് സാധ്യത. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നീ പ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ, തീരദേശ കർണാടകയിൽ ജൂൺ 21 മുതൽ 25 വരെയും, കർണാടകയുടെ ഉൾപ്രദേശങ്ങളിൽ ജൂൺ 22, 23 തീയതികളിലും അതിശക്തമായ മഴ പ്രവചിക്കപ്പെടുന്നു. ലക്ഷദ്വീപിലും ഇന്ന് മുതൽ മഴ ശക്തമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
