കൊച്ചി: സംസ്ഥാനത്തെ ഓൺലൈൻ ടാക്സി സർവീസുകൾ ഇന്നുമുതൽ സ്തംഭിക്കും. പ്രമുഖ സ്വകാര്യ കമ്പനികളായ ഓല, യൂബർ, റാപ്പിഡോ എന്നിവയിലെയും സർക്കാർ സംരംഭമായ ‘കേരള സവാരി’യിലെയും ഡ്രൈവർമാർ സംയുക്തമായി അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ന്യായമായ നിരക്ക് പരിഷ്കരണം നടപ്പാക്കുക, അമിതമായ കമ്മീഷൻ ഈടാക്കുന്നത് നിർത്തുക തുടങ്ങി 11 ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.

നിലവിൽ 1000 രൂപയുടെ ഓട്ടം ലഭിച്ചാൽ അതിൽ ഏകദേശം 500 രൂപയോളം കമ്പനികൾ കമ്മീഷനായി ഈടാക്കുന്നുണ്ടെന്ന് ഡ്രൈവർമാർ പരാതിപ്പെടുന്നു. ഇന്ധനവില വർദ്ധിച്ച സാഹചര്യത്തിൽ ഇത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ബൈക്ക് ടാക്സികൾ അവസാനിപ്പിക്കണമെന്നത് ഇവരുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ്.

നിലവിൽ തന്നെ നിരവധി വാഹനങ്ങൾ ഉള്ളതിനാൽ, പുതിയ വാഹനങ്ങളെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കുന്നത് തങ്ങളുടെ വരുമാനത്തെ ബാധിക്കുന്നുവെന്നും ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ പ്ലാറ്റ്‌ഫോമായ ‘കേരള സവാരി’യും വലിയ രീതിയിൽ കമ്മീഷൻ ഈടാക്കുന്നുണ്ടെന്നും ഇതിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്നും അവർ ആവശ്യപ്പെടുന്നു.

ഡ്രൈവർമാർ തങ്ങളുടെ ഓൺലൈൻ ആപ്പുകൾ ഓഫ് ചെയ്ത് ഓഫ്ലൈൻ ആയാണ് സമരത്തിൽ പങ്കെടുക്കുന്നത്. ഇത് കൊച്ചി പോലുള്ള തിരക്കേറിയ നഗരങ്ങളിൽ വലിയ യാത്രാപ്രതിസന്ധിക്ക് കാരണമാകും. ഓഫീസുകളിൽ പോകുന്നവർക്കും മറ്റ് ആവശ്യങ്ങൾക്കായി ഓൺലൈൻ ടാക്സികളെ ആശ്രയിക്കുന്നവർക്കും ഈ സമരം വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

സമരത്തിന് മുന്നോടിയായി ഡ്രൈവർമാരുടെ സംഘടനകൾ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, സർക്കാരിന്റെയോ കമ്പനികളുടെയോ ഭാഗത്തുനിന്ന് ഇതുവരെ ചർച്ചകൾക്കുള്ള നടപടികളൊന്നും ഉണ്ടായിട്ടില്ല. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകാനാണ് ഡ്രൈവർമാരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *