തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്തു നിന്നും കാണാതായ അസം സ്വദേശിനിയായ 13 കാരി തസ്മിത്ത് തംസത്തെ കണ്ടെത്താനായി പൊലീസ് ഊര്‍ജിത തിരച്ചില്‍. പുലര്‍ച്ചെ കന്യാകുമാരി ബീച്ച് പരിസരത്ത് കണ്ടുവെന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രദേശത്ത് തിരച്ചില്‍ നടത്തിവരികയാണ്. കേരള പൊലീസ് സംഘത്തിനൊപ്പം തമിഴ്നാട് പൊലീസും ഓട്ടോ ഡ്രൈവര്‍മാരും തിരച്ചിലില്‍ സഹായിക്കുന്നുണ്ട്. ബസ് സ്റ്റാന്റില്‍ ഉള്‍പ്പടെ പൊലീസിന്റെ പരിശോധന തുടരുന്നു. കുട്ടിയുടെ ഫോട്ടോ ആളുകളെ കാണിച്ചാണ് പരിശോധന.

കുട്ടി കന്യാകുമാരിയിലേക്കുള്ള ട്രെയിനില്‍ യാത്ര ചെയ്തതായി വിവരം ലഭിച്ചതിന്റെ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വനിത എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസ് സംഘം കന്യാകുമാരിയിലെത്തിയത്. പാറശ്ശാല വരെ കുട്ടി ട്രെയിനിലുണ്ടായിരുന്നുവെന്നുവെന്നാണ് ട്രെയിനിലെ യാത്രക്കാരി പൊലീസിനെ അറിയിച്ചത്. പാറശാലയ്ക്കും കന്യാകുമാരിക്കും ഇടയിലുള്ള സ്റ്റേഷനുകളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്.

കുട്ടി കന്യാകുമാരിയില്‍ തന്നെയുണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം, കുട്ടി കന്യാകുമാരിയില്‍ നിന്നും ചെന്നൈയിലേക്ക് പോയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കുട്ടിയുടെ ഒരു സഹോദരന്‍ ചെന്നൈയിലുണ്ട്. ഇതേത്തുടര്‍ന്നാണ് അന്വേഷണം ചെന്നൈയിലേക്കും വ്യാപിപ്പിച്ചത്. കുട്ടിയുടെ സഹോദരനെ പൊലീസ് ബന്ധപ്പെട്ട് വിവരങ്ങള്‍ തേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *