കൊച്ചി: താന്‍ സിനിമ ചെയ്യുമെന്നും അത് തന്റെ പാഷന്‍ ആണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. വരാനിരിക്കുന്ന സിനിമകള്‍ ചെയ്യാന്‍ അനുവാദം ചോദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കിട്ടിയില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. സിനിമ ചെയ്യുന്നതിന്റെ പേരില്‍ മന്ത്രിസ്ഥാനത്തു നിന്നു മാറ്റിയാല്‍ താന്‍ രക്ഷപെട്ടു. കുറേ സിനിമകള്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അമിത് ഷാ പേപ്പര്‍ മാറ്റി വെച്ചതാണ്. മന്ത്രിസ്ഥാനത്തെ ബാധിക്കാത്ത രീതിയില്‍ ഷൂട്ടിങ് സെറ്റില്‍ അതിനുള്ള സൗകര്യം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു.
സെപ്റ്റംബര്‍ 6ന് ആരംഭിക്കുന്ന ‘ഒറ്റ കൊമ്പന്‍’ എന്ന സിനിമയില്‍ താന്‍ അഭിനയിക്കുമെന്നും സിനിമ ചെയ്തില്ലെങ്കില്‍ താന്‍ ചത്തു പോകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കിയാല്‍ തൃശൂരിലെ ജനങ്ങള്‍ക്കു വേണ്ടി കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കും. ചരിത്രമെഴുതിയ തൃശൂരുകാര്‍ക്ക് നന്ദി അര്‍പ്പിക്കണമെന്ന് നേതാക്കള്‍ പറഞ്ഞതു കൊണ്ട് വഴങ്ങേണ്ടി വന്നതാണ്. ഇപ്പോള്‍ തൃശൂരിലെ ജനങ്ങള്‍ക്ക് തന്നെ ലഭിക്കുന്നത് കുറവാണ്. സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ഫിലിം ചേംബര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.