തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശ യാത്ര വിവാദമായതില്‍ പ്രതികരിച്ച് മന്ത്രി ഒ ജെ ജനീഷ്. യാത്രകള്‍ വിവാദമാക്കേണ്ട കാര്യമില്ലെന്നാണ് ഒ ജെ ജനീഷ് പറഞ്ഞത്. പ്രതിപക്ഷം പോയതുപോലെയല്ല തങ്ങള്‍ പോയത്. മന്ത്രിമാര്‍ക്ക് സ്വകാര്യ നിമിഷങ്ങള്‍ പാടില്ലേയെന്ന് ജനീഷ് ചോദിച്ചു. ഇത് ഏത് കാലമാണ്?. തന്റെ വയസ് 37 ആണ്. തന്ത വൈബ് പിടിക്കാന്‍ ഉദ്ദേശിക്കുന്നില്ല. തന്റെ യാത്ര സര്‍ക്കാര്‍ ചെലവിലായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

‘മന്ത്രിമാര്‍ക്ക് ആര്‍ക്കും സ്വകാര്യ നിമിഷങ്ങള്‍ പാടില്ലേ?. ഇത് ഏത് കാലമാണ്. തുടര്‍ച്ചയായ ജോലികള്‍ക്കിടയില്‍ ആരാണെങ്കിലും ചെറിയ ബ്രേക്ക് എടുക്കണം. എന്റെ വയസ് 37 ആണ്. തന്ത വൈബ് പിടിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ചെറിയ യാത്രയൊക്കെ നടത്തും. സര്‍ക്കാരിനെ ബുദ്ധിമുട്ടിക്കാതെയും ചുമതലകളില്‍ വീഴ്ച വരുത്താതെയും പൗരന്റെ നികുതിപ്പണം നഷ്ടപ്പെടാതെയും ഇടയ്‌ക്കൊക്കെ യാത്ര പോയെന്നിരിക്കും’, എന്നായിരുന്നു മന്ത്രി പറഞ്ഞത്. മന്ത്രി ഒ ജെ ജനീഷ് അടക്കമുള്ള സതീശന്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ വിദേശയാത്ര വിവാദമായിരുന്നു.

ഒ ജെ ജനീഷിന് പുറമേ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി എന്നിവരാണ് വിദേശ സന്ദർശനം നടത്തിയത്. മൂന്ന് പേരുടെയും സ്വകാര്യ സന്ദര്‍ശനമായിരുന്നു. ജനീഷ് ഒമാനും രമേശ് ചെന്നിത്തല അമേരിക്കയിലെ ഷിക്കാഗോയും കെ എം ഷാജി യൂറോപ്യന്‍ രാജ്യമായ ബള്‍ഗേറിയയുമായിരുന്നു സന്ദര്‍ശിച്ചത്. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മന്ത്രി പി സി വിഷ്ണുനാഥും വിദേശ യാത്ര നടത്തിയെങ്കിലും ഔദ്യോഗിക യാത്രകളാണെന്നായിരുന്നു വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *