ന്യൂ ഡൽഹി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് ആശ്വാസം. വിജിലന്‍സ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു. അപ്പീൽ പരിഗണിക്കാതിരുന്ന ഹൈക്കോടതി നടപടിയെ സുപ്രീം കോടതി വിമർശിച്ചു. കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ആരോപണ വിധേയരെ കേൾക്കണമെന്ന പിണറായിയുടെ വാദവും കോടതി അംഗീകരിച്ചു.

സിംഗിൾ ബെഞ്ച് ഉത്തരവിൽ പരസ്പര വിരുദ്ധ കാര്യങ്ങളാണുള്ളതെന്നും ജസ്റ്റിസ് ജോയ് മാല ബാഗ്ചി ചൂണ്ടിക്കാട്ടി. ഇ ഡിയ്ക്കും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. അധികാര പരിധി കടക്കരുതെന്ന് ഇ ഡിയോട് സുപ്രീം കോടതി നിർദേശിച്ചു.

ആരോപണ വിധേയരെ കേൾക്കാതെ ഹർജി തള്ളിയതെന്തിനാണെന്ന് കോടതി ചോദിച്ചു. കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും ഡിവിഷന്‍ ബെഞ്ച് പുതിയ തീരുമാനമെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇ ഡിയുടെ കത്ത് അനുസരിച്ചാണ് വിജിലന്‍സ് അന്വേഷണം. അന്വേഷണം നിയമ പരിധി കടക്കരുതെന്നും സുപ്രീം കോടതി നിർദ്ദേശം നൽകി. വിജിലൻസ് കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനടക്കം നൽകിയ ഹർജികളാണ് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിച്ചത്.

ജസ്റ്റിസ് ജോയ് മാല ബാഗ്ചി, ജസ്റ്റിസ് വി മോഹ്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. വെള്ളിയാഴ്ച ഹർജി പരിഗണിച്ചപ്പോൾ 82 വയസ്സുള്ള പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും സംരക്ഷണം വേണമെന്നുമാണ് അപ്പീലിൽ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെ അപ്പീല്‍ അനുമതി നിഷേധം തെറ്റെന്നാണും പിണറായി വിജയന്‍ അപ്പീലില്‍ വാദിച്ചിരുന്നു. സിംഗിള്‍ ബെഞ്ചിന് മുന്നിലുള്ള ഹര്‍ജിയില്‍ തങ്ങളെ കക്ഷി ചേര്‍ത്തിരുന്നില്ലെന്നും പിണറായി വിജയനും പി എ മുഹമ്മദ് റിയാസും വ്യക്തമാക്കിയിരുന്നു.

തങ്ങളെ ബാധിക്കുന്ന ഉത്തരവാണ് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ചത്. ഒരുത്തരവ് വഴി നേരിട്ട് ബാധിക്കപ്പെടുന്ന വ്യക്തിക്ക് അതിനെതിരെ അപ്പീല്‍ നല്‍കാന്‍ അവകാശമുണ്ട്. അപ്പീല്‍ നല്‍കുന്നവര്‍ക്ക് നിയമപരമായ പരിഹാരം നിഷേധിക്കാനാവില്ലെന്നും സുപ്രീംകോടതിയില്‍ വാദമുയര്‍ത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *