രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര അസമിൽ പര്യടനം തുടരുന്നതിനിടെ ബി.ജെ.പി. പ്രവര്‍ത്തകര്‍ അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ ബുപെന്‍ കുമാര്‍ ബോറയെ ആക്രമിച്ചതായി ആരോപണം.രാഹുല്‍ഗാന്ധി സഞ്ചരിച്ച ബസിനടുത്തേക്ക് കാവിക്കൊടിയും മുദ്രാവാക്യങ്ങളുമായെത്തിയ സംഘത്തിലൊരാള്‍ ബോറെയ കയ്യേറ്റം ചെയ്യുകയും തലകൊണ്ട് മൂക്കിനിടിക്കുകയും ചെയ്യുന്ന ദൃശ്യം കോൺഗ്രസ് പുറത്ത് വിട്ടു. ഇത് കൂടാതെ, മൂക്കില്‍നിന്ന് ചോരയൊലിച്ച നിലയില്‍ രാഹുലിനൊപ്പം സഞ്ചരിക്കുന്ന ബോറയുടെ ചിത്രവും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.
അരുണാചലില്‍നിന്ന് അസമിലെ റാലിക്കായുള്ള യാത്രയ്ക്കിടെ ഞായറാഴ്ച മൂന്നുമണിയോടെ സോണിത് പുരിലായിരുന്നു യാത്രയെ തടയാന്‍ ശ്രമിച്ചത്. ജയ്ശ്രീറാം, ജയ് മോദി വിളികളോടെ കാവിക്കൊടിയും ബി.ജെ.പി. പതാകയുമായാണ് ഇവര്‍ എത്തിയത്. തടയാനെത്തിയവരെ കണ്ട് രാഹുല്‍ഗാന്ധി ബസില്‍നിന്നിറങ്ങി ഇവരുടെ അടുത്തേക്ക് നീങ്ങി. സുരക്ഷാ സേനാംഗങ്ങളും കോണ്‍ഗ്രസ് നേതാക്കളും നിര്‍ബന്ധിച്ച് ബസിലേക്ക് തിരിച്ചുകയറ്റുകയായിരുന്നു.
സംഭവത്തിന് ശേഷം നടന്ന പൊതുയോഗത്തില്‍ ചോരപുരണ്ട തൂവാല ഉയര്‍ത്തിക്കാണിച്ച് സംസാരിച്ച ബോറ, ഇന്ന് തങ്ങള്‍ രക്തം നല്‍കിയെന്നും വേണ്ടിവന്നാല്‍ ജീവന്‍വരെ നല്‍കാന്‍ തയ്യാറാണെന്നും പ്രസംഗിച്ചു. പോരാട്ടം തുടരുമെന്നും യാത്രയ്ക്കുനേരെയുണ്ടായ അക്രമം തടയാന്‍ ശ്രമിക്കുമ്പോഴാണ് തന്നെ ബി.ജെ.പി. ഗുണ്ടകള്‍ ആക്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.