മസാല ബോണ്ട് കേസില്‍ എന്ത് ചെയ്യാൻ പാടില്ലായെന്നു കോടതി പറഞ്ഞുവോ അതിന്‍റെ അന്തസത്തയ്ക്കു വിരുദ്ധമാണ് ഇഡിയുടെ പുതിയ സമൻസെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ട് ഇഡിയുടെ സമൻസിനു വിശദമായ മറുപടി നൽകി. ഇഡി വീണ്ടും ഇതേ ന്യായങ്ങൾ പറഞ്ഞ് സമൻസ് അയക്കുകയാണെങ്കിൽ സംരക്ഷണത്തിന് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.കിഫ്ബി മസാല ബോണ്ട് ഇറക്കിയതിനെ സംബന്ധിച്ചും അതിലൂടെ ലഭിച്ച പണത്തിന്‍റെ വിനിയോഗം സംബന്ധിച്ചും ഓറൽ എവിഡൻസ് നല്കുന്നതിനായി ഹാജരാകണം എന്നതാണ് ഇപ്പോഴത്തെ സമൻസ്. ആദ്യം നൽകിയ രണ്ടു സമൻസുകൾ കേരള ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരുന്നു. ഹർജ്ജി പൂർണ്ണമായും ഹൈക്കോടതി അനുവദിക്കുകയാണ് ചെയ്തത്. ഹൈക്കോടതി അനുവദിച്ച ഹർജികളിൽ ഉന്നയിച്ച ആക്ഷേപങ്ങൾ കോടതി അംഗീകരിച്ചു എന്നർത്ഥം.എന്തെങ്കിലും നിയമ ലംഘനം, കുറ്റം ഉണ്ടെന്ന സാഹചര്യത്തിലേ അന്വേഷണം പറ്റൂ. അല്ലാതെ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാൻ കഴിയുമോ എന്നു നോക്കി കാടും പടപ്പും തല്ലിയുള്ള അന്വേഷണം പാടില്ല എന്നു സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. തങ്ങൾ നടത്തുന്നത് പ്രാഥമിക അന്വേഷണമാണെന്ന ഇഡിയുടെ വാദത്തെ ഹൈക്കോടതിയിൽ എതിർത്തിരുന്നു. അത്തരമൊരു അധികാരം ഫെമ നിയമം നല്‍കുന്നില്ല.ബഹുമാനപ്പെട്ട കോടതി എന്താണോ പാടില്ലെന്നു പറഞ്ഞത്, അതേ രീതി ആവർത്തിക്കുന്ന സമൻസ് പിൻവലിക്കണം എന്നാണ് ഇഡിയ്ക്ക് ഇന്നു കൊടുത്ത മറുപടിയിലെ ആവശ്യമെന്നും തോമസ് ഐസക് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *