
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്ക് നൽകാനുള്ളത് ഒരു ലക്ഷം കോടിയോളം രൂപയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത്രയും പണം പിടിച്ചുവച്ചിട്ടും സർക്കാരിന്റെ സാമ്പത്തിക സ്ഥിതി അതിദയനീയം. മുഖ്യമന്ത്രിക്കു വേണ്ടി വാഴ്ത്തു പാട്ട് എഴുതിയ സർവീസ് സംഘടനയ്ക്കു തന്നെ വിലാപകാവ്യവും എഴുതേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.അടിയന്തര പ്രമേയ നോട്ടീസിനുള്ള കൃത്യമായ മറുപടിയല്ല ധനകാര്യ മന്ത്രി പറഞ്ഞത്. യഥാർത്ഥ വിഷയത്തിലേക്ക് വരാതെ വേറെ കാര്യങ്ങൾ പറഞ്ഞ് അദ്ദേഹം വിഷയം മാറ്റിവച്ചു.ക്ഷാമബത്ത കുടിശിക 35000 കോടി രൂപയാണ്. അഞ്ച് വർഷത്തെ ലീവ് സറണ്ടർ 24500 കോടിയാണ്. 5500 കോടി രൂപയാണ് പേ റിവിഷൻ കുടിശിക. 65000 കോടി രൂപയാണ് ജീവനക്കാർക്ക് നൽകാനുള്ളത്. കൂടാതെ ശമ്പള പരിഷ്‌ക്കരണത്തിലെ സർവീസ് വെയിറ്റേജ് എടുത്തു കളഞ്ഞു. ഇതിലൂടെ സർക്കാരിന് കൂടുതൽ ലാഭമുണ്ടായി. ഇതു കൂടാതെ സിറ്റി കോംപൻസേറ്ററി അലവൻസ് ഉൾപ്പെടെയുള്ളവയും എടുത്തു കളഞ്ഞു. ജീവനക്കാരുടെ ആനുകൂല്യങ്ങൾ കൊടുക്കാതെ എടുത്തു കളഞ്ഞതും കൊടുക്കാതെ കയ്യിൽ വച്ചിരിക്കുന്നതുമായി ഏകദേശം ഒരു ലക്ഷം കോടി രൂപയുണ്ട്. ഒരു ലക്ഷം കോടി കൊടുത്തിരുന്നുവെങ്കിൽ ശമ്പളം കൊടുക്കാൻ പറ്റില്ലായിരുന്നു. ഇത്രയും പണം കൈയ്യിൽ കിട്ടിയിട്ടും സർക്കാരിന്റെ സാമ്പത്തിക സ്ഥിതി ദയനീയമാണ്.