പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് മൂന്ന് യൂറോപ്യൻ രാജ്യങ്ങള്‍. അയർലൻഡ്, നോർവേ, സ്പെയിൻ എന്നീ രാജ്യങ്ങളാണ് പലസ്തീനെ അംഗീകരിച്ചത്. ഈ തീരുമാനം ഇസ്രയേലിന് എതിരല്ലെന്നും സമാധാനത്തിന് വേണ്ടിയാണെന്നും സ്പെയിൻ പ്രതികരിച്ചു. തീരുമാനം പലസ്തീൻ സ്വാഗതം ചെയ്തു. പിന്നാലെ അയർലന്‍ഡിലെയും നോർവെയിലെയും അംബാസഡർമാരെ ഇസ്രയേൽ തിരിച്ചുവിളിച്ചു.ഐക്യരാഷ്ട്ര സഭയിലെ 140 രാജ്യങ്ങളാണ് പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടുള്ളത്. മൂന്ന് യൂറോപ്യൻ രാജ്യങ്ങള്‍ കൂടി ഈ ശ്രേണിയിലേക്ക് വരികയാണ്. രക്ഷാകൌണ്‍സിലിലെ അംഗങ്ങളായ അമേരിക്കയും ബ്രിട്ടനും ഇതുവരെ പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടില്ല. മൂന്ന് യൂറോപ്യൻ രാജ്യങ്ങളുടെ നീക്കത്തോട് രൂക്ഷമായാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രി കാറ്റ്സ് പ്രതികരിച്ചത്- “ഞാൻ അയർലൻഡിനും നോർവേയ്ക്കും വ്യക്തവും അസന്ദിഗ്ധവുമായ സന്ദേശം കൈമാറുന്നു. ഇസ്രായേലിന്‍റെ പരമാധികാരത്തെ തുരങ്കം വയ്ക്കുകയും സുരക്ഷയെ അപകടപ്പെടുത്തുകയും ചെയ്യുന്നവരുടെ മുന്നിൽ നിശബ്ദത പാലിക്കില്ല”. ഇരു രാജ്യങ്ങളിലെയും അംബാസഡർമാരെ തിരിച്ചുവിളിക്കുകയും ചെയ്തു. മെയ് 28 ന് മന്ത്രിമാരുടെ കൗൺസിലിൽ തന്‍റെ രാജ്യവും പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുമെന്നാണ് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പ്രഖ്യാപിച്ചത്. സ്പാനിഷ് ജനതയുടെ അഭിപ്രായം കണക്കിലെടുത്താണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. പിന്നാലെ സ്പെയിനിൽ നിന്നും അംബാസഡറെ പിൻവലിക്കുമെന്ന് ഇസ്രയേൽ പ്രതികരിച്ചു. രണ്ട് രാഷ്ട്രമെന്നത് മാത്രമാണ് പ്രശ്നത്തിന് പരിഹാരമെന്ന് ഐറിഷ് പ്രധാനമന്ത്രി സൈമൺ ഹാരിസ് വ്യക്തമാക്കി. അങ്ങനെ മിഡിൽ ഈസ്റ്റിൽ സമാധാനമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നാണ് നോർവെയുടെ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോയർ പറഞ്ഞത്. എന്നാൽ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക, ഹമാസിനെ തകർക്കുക, ഹമാസ് ബന്ദികളാക്കിയവരെ നാട്ടിലെത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഗാസയിലെ യുദ്ധം ഇസ്രയേൽ തുടരുന്നതിനിടെയാണ് നിർണായക നീക്കവുമായി മൂന്ന് യൂറോപ്യൻ രാജ്യങ്ങള്‍ രംഗത്തെത്തിയത് എന്നതാണ് ശ്രദ്ധേയം.

Leave a Reply

Your email address will not be published. Required fields are marked *