തീക്കോയി (കോട്ടയം): കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് ദേഹത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരണപ്പെട്ടു. തീക്കോയി കൊല്ലംപാറ ഭാഗത്ത് താമസിക്കുന്ന പൊട്ടംപ്ലാക്കൽ ജോണിന്റെ ഭാര്യ ബാലാമണി (50) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ജോണിനെ (47) ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. മെയ് 15-ന് രാവിലെ 11 മണിയോടെ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് ജോൺ ഭാര്യയുടെ ദേഹത്ത് ആസിഡ് ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ബാലാമണി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയോടെയാണ് മരിച്ചത്.
തുടർച്ചയായുണ്ടാകാറുള്ള കുടുംബവഴക്കാണ് ഈ ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. മരംവെട്ട്, ലോഡിങ് തൊഴിലാളിയാണ് പിടിയിലായ ജോൺ. മരിച്ച ബാലാമണി ഈരാറ്റുപേട്ടയിലെ ഒരു തയ്യൽ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.
