ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ അഞ്ചുവിക്കറ്റ് നേടിയ ന്യുസീലൻഡ് പേസര്‍ കെയ്ൽ ജമൈസണെതിരെ സമൂഹ മാധ്യമങ്ങളിൽ ആര്‍സിബി ആരാധകരുടെ അസഭ്യവര്‍ഷം. ഐപിഎല്ലിൽ സഹതാരമായിരുന്ന വിരാട് കോലിയെ പുറത്താക്കിയതാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആരാധാകരെ ചൊടിപ്പിച്ചത്.
ഐപിഎൽ പരിശീലനത്തിനിടെ ഡ്യൂക്ക് ബോൾ ഉപയോഗിച്ച് തനിക്ക് പന്തെറിയാൻ കോലി ആവശ്യപ്പെട്ടിട്ടും ജമൈസൺ തയ്യാറാകാത്തതിന്റെ നീരസം ആദ്യമേ ഉണ്ടായിരുന്ന ആരാധകർക്ക് . ഇഷ്ടതാരത്തെ വിക്കറ്റിന് മുന്നിൽ കുടുക്കി ആഘോഷമാക്കുക കൂടി ചെയ്തപ്പോൾ നിയന്ത്രണം നഷ്ടമായി.
പരിധി വിട്ട ആക്ഷേപം അശ്ലീലമായി മാറുകയും ചെയ്തു.. ആര്‍സിബിയുമായുള്ള ജമൈസന്റെ കരാര്‍ റദ്ദാക്കണമെന്നും ആരാധകര്‍ പറയുന്നു. ഐപിഎൽ താരലേലത്തിൽ 15 കോടിയ്ക്ക് ടീമിലെത്തിയ താരത്തിൽ നിന്ന് 10 കോടിയെങ്കിലും തിരിച്ച് പിടിക്കണമെന്ന് മറ്റൊരു ആരാധകന്റെ ആവശ്യം.
വിമര്‍ശനങ്ങൾ ഇങ്ങനെയൊക്കെ മുന്നേറുമ്പോൾ സതാംപ്ടണിലെ മഴ ഇടവേളയിൽ ഇതൊന്നുമറിയാതെ ടേബിൾ ടെന്നിസ് കളിക്കുന്ന തിരക്കിലായിരുന്നു ന്യുസീലൻഡ് താരം.