
പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവ്വഹിച്ചു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ അനുവദിച്ച വടക്കേപറമ്പ് അരമ്പക്കുന്ന് റോഡ്, ഗ്രാമപഞ്ചായത്ത് 2 ലക്ഷം രൂപ വകയിരുത്തിയ അരമ്പച്ചാൽ അരമ്പച്ചാൽകുഴി റോഡ് എന്നിവയാണ് നവീകരിച്ച് തുറന്നുകൊടുത്തത്.
കുന്നമംഗലം നിയോജക മണ്ഡലത്തിൽ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 30 പ്രവൃത്തികളിൽ പൂർത്തീകരിച്ച ആദ്യ പദ്ധതിയാണ് വടക്കേപറമ്പ് അരമ്പക്കുന്ന് റോഡ്. നിർദ്ദിഷ്ട ഗ്രീൻഫീൽഡ് ഹൈവേയുടെ സമീപത്തുകൂടി കടന്നുപോകുന്ന ഈ റോഡ് നവീകരിച്ചതോടെ പ്രദേശവാസികളുടെ ഏറെക്കാലമായുള്ള സ്വപ്നമാണ് പൂവണിഞ്ഞത്.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഉഷ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ കാമ്പുറത്ത്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ പുരുഷോത്തമൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മുപ്പുകണ്ടം പുരുഷു, ടി നിസാർ, എ.കെ പ്രദീപൻ, ആബിദ് അമ്പിലോളി എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ എം സമീറ സ്വാഗതവും എ.കെ വിനോദ് നന്ദിയും പറഞ്ഞു.