കൊച്ചി: താരസംഘടന AMMAയുടെ ജനറല്‍ ബോഡി യോഗത്തില്‍ നടി അന്‍സിബ ഹസ്സൻ എടുത്ത നിലപാടിനെ പ്രശംസിച്ച് മാല പാര്‍വതി. സ്വജനപക്ഷപാതം, പണം ധൂര്‍ത്തടിക്കല്‍ അടക്കം അന്‍സിബ ഉന്നയിച്ച ഒറ്റ ചോദ്യത്തിനും ഭരണസമിതിക്ക് മറുപടി ഉണ്ടായിരുന്നില്ലെന്നും ശക്തമായ സ്ത്രീപക്ഷത്തെയാണ് ഇന്നലെ അന്സിബയില് കണ്ടതെന്നും മാല പാര്‍വതി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അൻസിബ ഹസ്സൻ ഉയർത്തിയ ചോദ്യങ്ങൾക്ക് ബന്ധപ്പെട്ടവർ കൃത്യമായ മറുപടി നൽകണമെന്നും, സംഘടനയിലെ ഒരു സാധാരണ ഓഫീസ് ജീവനക്കാരിയെപ്പോലും ചിലർ ഗ്രൂപ്പ് വഴക്കുകൾക്കായി ദുരുപയോഗം ചെയ്തെന്നും മാലാ പാർവതി തുറന്നടിച്ചു.
‘സ്വജനപക്ഷപാതം, പണം ധൂര്‍ത്തടിക്കല്‍ അടക്കം അന്‍സിബ ചോദിച്ച ഒറ്റ ചോദ്യത്തിന് മറുപടി ഉണ്ടായില്ല. ഒടുക്കം ഞാനും എന്റെ ഭരണസമിതിയും രാജിവെയ്ക്കുന്നുവെന്ന് മാത്രമാണ് ശ്വേതയ്ക്ക് പറയാന്‍ ഉണ്ടായിരുന്നത്. ശക്തമായ സ്ത്രീപക്ഷത്തെയാണ് ഇന്നലെ അന്സിബയില് കണ്ടത്. നാളെ ജനറല്‍ സെക്രട്ടറിയോ മന്ത്രിയോ ആയി അന്‍സിബ വരാം. അത്രയും വ്യക്തമായാണ് അന്‍സിബ സംസാരിച്ചത്. പിന് ഡ്രോപ് സൈലന്‍സോടെ അമ്മ അന്‍സിബയെ കേട്ടു. അനൂപ് ചന്ദ്രനും കൊല്ലം തുളസിയും വേറെ രണ്ടുപേരും ഒഴികെ അന്‍സിബ പറഞ്ഞതില്‍ കണ്‍വിന്‍സ് ആയെന്ന് കരുതുന്നു’, മാല പാര്‍വതി വിശദീകരിച്ചു. പുതിയ ഭരണസമിതിക്ക് റിപ്പോര്‍ട്ടും കണക്കും കൃത്യമായി അവതരിപ്പിക്കാന്‍ കഴിയാത്തതാണ് വലിയ പ്രശ്നങ്ങളിലേക്ക് വഴിവെച്ചത്. സ്ത്രീകളായതിനാല്‍ ഉത്തരവാദിത്തം കുറച്ചുചെയ്യാന്‍ കഴിയില്ലല്ലോയെന്നും മാല പാര്‍വതി ചോദിച്ചു.
