തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിലെത്തിയതോടെ സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ സന്ദർശകരുടെ വൻ തിരക്ക്. രാഷ്ട്രീയ നേതാക്കളുടെയും അണികളുടെയും വലിയൊരു തള്ളിക്കയറ്റമാണ് കഴിഞ്ഞ ദിവസങ്ങളിൽ സെക്രട്ടേറിയറ്റിൽ ദൃശ്യമായത്.
മുൻ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന കർശനമായ സന്ദർശന നിയന്ത്രണങ്ങൾക്ക് ഇളവ് വന്നത് ഭരണമുന്നണി പ്രവർത്തകർക്ക് കാര്യങ്ങൾ എളുപ്പമാക്കിയിട്ടുണ്ട്. വിവിധ നിവേദനങ്ങളുമായെത്തുന്ന പൊതുജനങ്ങളും പാർട്ടിക്കാരും കാരണം മന്ത്രിമാരുടെ ഓഫീസുകളിലും ഇടനാഴികളിലും വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. മുൻപ് സെക്രട്ടേറിയറ്റിൽ പ്രവേശിക്കാൻ കർശനമായ പാസ്സ് വേണമെന്ന നിബന്ധനയുണ്ടായിരുന്നെങ്കിൽ, നിലവിൽ നിവേദനങ്ങളും ഐഡി കാർഡും കാണിച്ചാൽ പ്രവേശനം സാധ്യമാകുന്നുണ്ടെന്ന് രാഷ്ട്രീയ നേതാക്കൾ വ്യക്തമാക്കുന്നു.
താങ്ങാവുന്നതിലും അധികം ആളുകൾ തിങ്ങിനിറഞ്ഞതോടെ കഴിഞ്ഞദിവസം സെക്രട്ടേറിയറ്റിലെ ലിഫ്റ്റ് സംവിധാനം തകരാറിലായി. ആറ് പേർക്ക് മാത്രം കയറാൻ ശേഷിയുള്ള ലിഫ്റ്റിൽ നിയമം ലംഘിച്ച് നിരവധി പേർ തള്ളിക്കയറിയതാണ് തകരാറിന് കാരണമായത്. ആളുകൂടിയതോടെ ലിഫ്റ്റ് പെട്ടെന്ന് താഴേക്ക് പോവുകയും തൊട്ടടുത്ത നിലയിലെത്തി വാതിൽ തുറക്കുകയുമായിരുന്നു. ഓവർലോഡ് ആയാൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി തൊട്ടടുത്ത നിലയിൽ വന്ന് നിൽക്കുന്ന സാങ്കേതിക സംവിധാനമാണ് സെക്രട്ടേറിയറ്റിലെ ലിഫ്റ്റുകൾക്കുള്ളത് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
