രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു. രാജ്യത്ത് ഇന്നലെ 21,880 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,38,47,065 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. അവസാന 24 മണിക്കൂറില്‍ 60 പേരാണ് രോഗം ബാധിച്ചു മരിച്ചത്. ഇതോടെ ആകെ 5,25,930 പേര്‍ രോഗം ബാധിച്ചു മരിച്ചു. നിലവില്‍ 1,49,482 പേര്‍ക്കാണ് രോഗം. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.34% ആണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 21,219 പേര്‍ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,31,71,653 ആയി. രോഗമുക്തി നിരക്ക് 98.46%. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (ടിപിആര്‍) 4.42%. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.51%. ആകെ 87.16 കോടി പരിശോധനകള്‍ നടത്തി. ഇതില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയത് 4,95,359 പരിശോധനകളാണ്.

കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും രോഗവ്യാപന നിരക്ക് ഉയര്‍ന്ന് തുടരുകയാണ്. കേരളത്തിന് പുറമേ, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കൂടുതലാണ്. രോഗവ്യാപന നിരക്കില്‍ മാറ്റം വന്നതോടെ ഉത്തരാഖണ്ഡ് കൊവിഡ് മാനദണ്ഡങ്ങള്‍ വീണ്ടും കര്‍ശനമാക്കി. മാസ്‌ക് ധരിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 201.30 കോടി ഡോസ് വാക്‌സീന്‍ (92.85 കോടി രണ്ടാം ഡോസും, 6.63 കോടി മുന്‍കരുതല്‍ ഡോസും) നല്‍കി. കഴിഞ്ഞ 24 മണിക്കൂറില്‍ നല്‍കിയത് 37,06,997 ഡോസുകള്‍.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കൊവിഡ് ബാധിച്ചതായി വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു. എഴുപത്തിയൊമ്പതുകാരനായ ബൈഡന് നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. രണ്ട് തവണ വാക്‌സീനും രണ്ട് തവണ ബൂസ്റ്റര്‍ ഡോസും എടുത്തിരുന്നു ബൈഡന്‍. ഐസൊലേഷനില്‍ പ്രവേശിച്ച ബൈഡന്‍, വൈറ്റ്ഹൗസില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ജോലികളെല്ലാം അദ്ദേഹം നിര്‍വഹിക്കുന്നുണ്ടെന്നും വൈറ്റ്ഹൗസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *