മൂവാറ്റുപുഴ: സ്വത്ത് തട്ടിയെടുക്കാൻ വ്യാജ പോക്‌സോ കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർക്കെതിരെ പ്രാഥമിക അന്വേഷണം നടത്താൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു. കോട്ടയം ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ മാത്യു ജോർജിനെതിരെയാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇടുക്കി മുട്ടം സ്വദേശിനി രമ്യ ജെ. കളപ്പുര, ഭർത്താവ് ടിജോ ഫിലിപ്പ് എന്നിവർ നൽകിയ പരാതിയിലാണ് നടപടി.

പരാതിക്കാരിയുടെ ബന്ധുക്കളും കേസിലെ എതിർകക്ഷികളുമായ കാഞ്ഞാർ തെക്കേൽ ബിബി ജോസ്, കോളപ്ര കുടയത്തൂർ പഴയയിടത്ത് ടിമ്മി മാത്യു, ഭാര്യ ജൂലിയറ്റ് ടിമ്മി എന്നിവരുമായി ചേർന്ന് സ്വത്ത് തട്ടിയെടുക്കാൻ സി.ഐ മാത്യു ജോർജ് കൂട്ടുനിന്നു എന്നാണ് പ്രധാന ആരോപണം. സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി തങ്ങളെയും ഭർത്താവിനെയും വ്യാജ പോക്‌സോ കേസിൽ കുടുക്കാൻ ശ്രമിച്ചു. കേസെടുത്ത ശേഷം 3.5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു. പരാതിക്കാരിയുടെ ഭർത്താവിനെ പോലീസ് സ്റ്റേഷനിൽ അനധികൃതമായി തടഞ്ഞുവെക്കുകയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനം നിയമവിരുദ്ധമായി പിടിച്ചെടുത്തുവെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. സി.ഐയുമായി നടത്തിയ ഫോൺ സംഭാഷണങ്ങളുടെ ശബ്ദരേഖയും മറ്റ് തെളിവുകളും പരാതിക്കാർ കോടതിയിൽ ഹാജരാക്കിയിരുന്നു.

പോലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കൈക്കൂലി ചോദിച്ചെന്ന ആരോപണം വളരെ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ഉദ്യോഗസ്ഥൻ ചെയ്തത് ഔദ്യോഗിക ചുമതലയുടെ ഭാഗമായിട്ടുള്ള കാര്യങ്ങളല്ലെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണം നടത്തുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതിയുടെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി. സംഭവത്തിൽ ഇടുക്കി വിജിലൻസ് യൂണിറ്റ് അന്വേഷണം നടത്തി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *