കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുളള ദില്ലി എയിംസിലെ ഡോക്ടർമാരുടെ സമരം അവസാനിപ്പിച്ചു. സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരമാണ് സമരം അവസാനിപ്പിച്ചത്. മുഴുവൻ ഡോക്ടർമാരും ജോലിയിൽ തിരികെ പ്രവേശിക്കും. സമരം ചികിത്സക്കെത്തുന്നവരെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന കോടതി നിരീക്ഷണത്തെ മാനിക്കുന്നുവെന്നും വിവിധ പ്രതിഷേധ പരിപാടികളുമായി ഇനിയും മുന്നോട്ടു പോകുമെന്നും ഡോക്ടർമാർ അറിയിച്ചു. എന്നാൽ കൊൽക്കത്തയിലെ ഡോക്ടർമാർ സമരം അവസാനിപ്പിക്കില്ല. നീതി ലഭിക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് ഡോക്ടർമാർ. കൊൽക്കത്തയിലെ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന എല്ലാ ഡോക്ടർമാർ അടിയന്തരമായി ജോലിക്ക് കയറണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിർദ്ദേശിക്കുകയായിരുന്നു. ദേശീയ കർമ്മസമിതി റിപ്പോർട്ട് വരും വരെ ഡോക്ടർമാർ പ്രതിഷേധത്തിൽ നിന്ന് പിന്മാറണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. പ്രതിഷേധിച്ചവർക്കെതിരെ നിർബന്ധിത നടപടിയെടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *