തൃശൂർ: തൃശൂരിൽ നടന്ന ഡിവൈഎഫ്ഐയുടെ 16-ാമത് സംസ്ഥാന സമ്മേളനത്തിൽ സംഘടനയ്ക്ക് പുതിയ നേതൃത്വം. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഒരു വനിത ഡിവൈഎഫ്ഐയുടെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നു എന്ന സവിശേഷതയുമായാണ് പുതിയ ഭാരവാഹി പട്ടിക പുറത്തുവന്നിരിക്കുന്നത്. ചിന്താ ജെറോമിനെ സംസ്ഥാന പ്രസിഡന്റായും എം. വിജിൻ എം.എൽ.എയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. അഖിലേന്ത്യാ പ്രസിഡൻ്റ് എ.എ. റഹീമാണ് പുതിയ ഭാരവാഹികളെ വേദിയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആലപ്പുഴ സ്വദേശിയായ അഡ്വ. ആർ. രാഹുൽ ആണ് പുതിയ ട്രഷറർ.
ആദ്യ രാജേന്ദ്രനെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ആർ. ശ്യാമ, വി. അനൂപ്, മുഹമ്മദ് അഫ്സൽ എന്നിവരാണ് സംസ്ഥാന വൈസ് പ്രസിഡന്റുമാർ. ഗ്രീഷ്മ അജയഘോഷിനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. 92 അംഗങ്ങളുള്ള സംസ്ഥാന കമ്മിറ്റിയും 25 അംഗങ്ങളുള്ള സംസ്ഥാന സെക്രട്ടറിയേറ്റുമാണ് സമ്മേളനത്തിൽ രൂപീകരിച്ചിട്ടുള്ളത്.
