മുബൈയിലെ ഇ വൈ കമ്പനിയിലെ ജീവനക്കാരിയായിരുന്ന മലയാളി യുവതി അന്ന സെബാസ്റ്റ്യന്‍റെ മരണത്തിൽ പ്രതികരണവുമായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമൻ. മനശക്തി വർധിപ്പിക്കാനുളള വഴികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുടുംബങ്ങളിലും പഠിപ്പിച്ചാൽ സമ്മർദ്ദത്തെ അതിജീവിക്കാനാകും. ഈശ്വരചിന്തയും ധ്യാനവും മനശ്ശക്തി വർധിപ്പിക്കാൻ സഹായകരമെന്നും മന്ത്രി പറഞ്ഞു തമിഴ്നാട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ സ്വാമി ബാലമുരുകൻ അഡിമയുടെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷമാണ് കേന്ദ്ര ധനമന്ത്രിയുടെ പ്രതികരണം.നല്ല ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് കോഴ്സ് പഠിച്ചിട്ട് ജോലിക്ക് കയറി പെണ്‍കുട്ടി ജോലി ഭാരം താങ്ങാനാകാതെ മരിച്ച ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായി.എത്ര പഠിച്ച് എവിടെ എത്തിയാലും മനശക്തി ഉണ്ടാക്കണമെന്ന് കുടുംബാംഗങ്ങള്‍ പറയണം.ദൈവികമായിട്ടാണ് അത് വരേണ്ടത്. നല്ല മനശക്തി ഉണ്ടെങ്കിലേ വെല്ലുവിളികളെ നേരിടാനാകു. അതിനായി ധ്യാനം ഏറെ സഹായകരമാകുമെന്നും നിര്‍മല സീതാരാമൻ പറഞ്ഞു.അതേസമയം, മലയാളി യുവതി അന്ന സെബാസ്റ്റ്യന്‍റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപ്പെട്ടു. അമിത ജോലി ഭാരമാണ് അന്നയുടെ മരണത്തിന് കാരണമെന്നതിൽ അതീവ ആശങ്ക രേഖപ്പെടുത്തിയ കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുക്കുകയും ചെയ്തു. കേന്ദ്ര തൊഴിൽ മന്ത്രാലയത്തോട് വിശദമായ അന്വേഷണ റിപ്പോർട്ടും തേടിയിട്ടുണ്ട്. നാല് ആഴ്ച്ചയ്ക്കം റിപ്പോർട്ട് നൽകണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ, കേന്ദ്ര തൊഴിൽ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.അതേസമയം, അന്ന സെബാസ്റ്റ്യന്‍റെ വീട്ടിലെത്തി ഇന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചിരുന്നു. അന്നയുടെ കുടുംബവുമായി സംസാരിച്ചുവെന്ന് സുരേഷ് ഗോപി സന്ദര്‍ശനത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ അനീതിയുണ്ടായതായാണ് തോന്നുന്നത്. ഇനി ഒരാൾക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകരുത്. സാമൂഹികമായ തിരുത്തൽ ആവശ്യമാണ്‌. പാര്‍ലമെന്‍റിൽ അന്നയുടെ മരണം വിഷയമായി വരും. കേന്ദ്ര മന്ത്രി എന്നതിനപ്പുറം ഒരു അച്ഛൻ എന്ന നിലയിൽ പാർലമെന്റിൽ ഉന്നയിക്കും. തൊഴിൽ ചൂഷണം നടത്തുന്ന കമ്പനികൾക്കെതിരെ നടപടി ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *