പുതുതലമുറയെ ലഹരിയുടെ കരങ്ങളിൽ നിന്നും മോചിപ്പിക്കണമെന്ന സന്ദേശവുമായി ഒരു ഹ്രസ്വചിത്രം ഒരുങ്ങുന്നു. സംസ്ഥാന അവാർഡ് നേടിയ ചലച്ചിത്ര സംവിധായകൻ ദേവദാസ് കല്ലുരുട്ടിയുടെ സംവിധാനത്തിലാണ് ഹ്രസ്വ ചിത്രം ഒരുങ്ങുന്നത്. ചിത്രീകരണത്തിന്റെ സ്വിച്ച് ഓൺ കർമ്മം അടുത്ത വെള്ളിയാഴ്ച കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവഹിക്കും.
സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം, യുവതലമുറ ലഹരിക്കെതിരെ പോരാടേണ്ടതിന്റെ അനിവാര്യത തുടങ്ങിയവ പ്രതിപാദിക്കുന്നതാണ് ചിത്രം.ഹൃദിക് ജോം ജോഷി നായകനായി എത്തുന്ന ചിത്രത്തിൽ കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂളിലെ എസ് പി സി വിദ്യാർത്ഥികളും അഭിനേതാക്കളായി എത്തുന്നുണ്ട്.
നമ്മുടെ സമൂഹം ലഹരിക്കെതിരെ എങ്ങനെ അണിനിരക്കണമെന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഡോ.നിഖിൽ മണാശ്ശേരിയാണ് തിരക്കഥയും,സംഭാഷണവും നിർവഹിക്കുന്നത്. അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ മൗനാക്ഷരങ്ങൾ എന്ന സിനിമയുടെ സംവിധായകനാണ് ദേവദാസ് കല്ലുരുട്ടി.2012 ൽ രണ്ട് ഡോക്യുമെൻററിക്ക് ദേവദാസ് കല്ലുരുട്ടി സംസ്ഥാന അവാർഡ് നേടിയിരുന്നു. കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജനശബ്ദം ഓൺ ലൈൻ & പ്രിന്റ് മീഡിയയാണ് ചിത്രത്തിന്റെ പ്രചരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്
