തിരുവനന്തപുരം: മുനമ്പം പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. വൈകിട്ട് 4ന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. നിയമ, റവന്യു, വഖഫ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍, വകുപ്പ് സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുക്കും. ഭൂമിക്കു മേല്‍ പ്രദേശവാസികള്‍ക്കുള്ള അവകാശം എങ്ങനെ പുനഃസ്ഥാപിക്കാമെന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.
മുനമ്പത്ത് നടന്ന ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ പരിശോധിച്ച് റവന്യു വകുപ്പ് തയാറാക്കിയ റിപ്പോര്‍ട്ട് യോഗം പരിഗണിക്കും. ഫാറൂഖ് കോളജിനു ലഭിച്ച ഭൂമി പിന്നീട് പ്രദേശവാസികള്‍ക്കു കൈമാറിയതുമായി ബന്ധപ്പെട്ട രേഖകളാണു പരിശോധിക്കുക. ഇന്നത്തെ യോഗത്തില്‍ പ്രശ്‌നപരിഹാരത്തിനു കഴിഞ്ഞില്ലെങ്കില്‍ വിഷയം പഠിക്കാനായി മന്ത്രിതല ഉപസമിതി രൂപീകരിക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലാണ്. മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ഭൂമി വഖഫ് ആയി പ്രഖ്യാപിച്ച വഖഫ് ബോര്‍ഡ് തീരുമാനത്തിന് എതിരെയുള്ള കേസും യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഫാറൂഖ് കോളേജ് വഖഫ് ട്രൈബ്യൂണലില്‍ നല്‍കിയ കേസില്‍ കക്ഷി ചേരുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലാണ്. മുനമ്പത്തെ അനിശ്ചിതകാല റിലേ നിരാഹാരസമരം ഇന്ന് നാല്‍പത്തിയൊന്നാം ദിവസത്തിലേക്ക് കടന്നു.