ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിനെ വധിക്കാനുള്ള പദ്ധതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അറിവുണ്ടായിരുന്നുവെന്ന കനേഡിയന്‍ മാധ്യമറിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ നിഷേധിച്ച് ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍. മോദിയെ കൂടാതെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ക്കെതിരെയും ക്രിമിനല്‍ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.
കാനഡയ്ക്കുള്ളിലെ ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദിയെയോ മന്ത്രി ജയശങ്കറിനെയോ അജിത് ഡോവലിനെയോ ബന്ധപ്പെടുത്തുന്നതായി കാനഡ സര്‍ക്കാര്‍ പ്രസ്താവിച്ചിട്ടില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ രഹസ്യാന്വേഷണ ഉപദേഷ്ടാവ് നതാലി ജി. ഡ്രൂയിന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിനെ വധിക്കാനുള്ള പദ്ധതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അറിവുണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന കാനഡ മാധ്യമറിപ്പോര്‍ട്ട് പ്രധാനമന്ത്രിയ്ക്കെതിരേയുള്ള അപകീര്‍ത്തിപ്രചാരണമാണെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞിരുന്നു. കാനഡയിലെ ‘ഗ്ലോബ് ആന്‍ഡ് മെയില്‍’ ദിനപ്പത്രമാണ് മോദിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയത്. മാധ്യമറിപ്പോര്‍ട്ട് ഇന്ത്യ ശക്തമായി നിഷേധിച്ചതിന് പിന്നാലെയാണ് കനേഡിയന്‍ സര്‍ക്കാരിന്റെ പ്രസ്താവന.