കണ്ണൂർ: വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത കേരള സഹകരണ റിസ്ക് ഫണ്ട് ധനസഹായ വിതരണ പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് കെ.എസ്.ഇ.ബി സബ് എഞ്ചിനീയർ സതീഷ് ബാബു പി.വിയെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. സസ്പെൻഷനെതിരെ കടുത്ത എതിർപ്പുമായി കെ.എസ്.ഇ.ബി ജീവനക്കാരുടെ സംഘടനയും രംഗത്തെത്തി. ഏകപക്ഷീയമായ ഈ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

ജീവനക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കാൻ അധികൃതർ തയ്യാറാകണമെന്ന് അസോസിയേഷൻ വ്യക്തമാക്കി. കത്തുന്ന എ.ബി സ്വിച്ചിൽ സുരക്ഷിതമായി അറ്റകുറ്റപ്പണി നടത്തി വലിയൊരു അപകടം ഒഴിവാക്കാനാണ് സബ് എഞ്ചിനീയർ ശ്രമിച്ചത്. കൂടാതെ, കണ്ണൂരിൽ വൈദ്യുതി മന്ത്രി പങ്കെടുത്ത പരിപാടിയെക്കുറിച്ചുള്ള വിവരം ഓഫീസിൽ ലഭിച്ചിരുന്നില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.

അപകട സാധ്യത മുന്നിൽ കാണുമ്പോൾ അറ്റകുറ്റപ്പണി നടത്താതെ അപകടം വിളിച്ചുവരുത്തുകയാണോ വേണ്ടതെന്ന് അസോസിയേഷൻ ചോദിച്ചു. വസ്തുതകൾ കൃത്യമായി പരിശോധിക്കാതെ ഉദ്യോഗസ്ഥനെ ബലിയാടാക്കാൻ അനുവദിക്കില്ലെന്നും കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *