ഇ.എം.എസ്സിന്റെ മകൾ ഇ.എം. രാധയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഉറച്ച രാഷ്ട്രീയ ബോധ്യത്തോടെ സി.പി.ഐ (എം)-നു വേണ്ടി ദീർഘകാലം പ്രവർത്തിച്ച കരുത്തുറ്റ സഖാവായിരുന്നു രാധ.ദേശാഭിമാനിക്ക് മുമ്പ് ചിന്തയിലും പ്രവർത്തിച്ചിരുന്നു. പൊതുരംഗത്തും അവർ സജീവ സാന്നിധ്യമായിരുന്നു.

സംസ്ഥാന വനിതാ കമ്മീഷൻ അംഗമായും, പിന്നീട് വയോജന കമ്മീഷൻ അംഗമായും മികച്ച രീതിയിൽ ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ അവർക്ക് സാധിച്ചു. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ രാധയ്ക്ക് കഴിഞ്ഞിരുന്നു പിണറായി വിജയൻ പറഞ്ഞു.

വർഷങ്ങളായി രാധയുമായി അടുത്ത വ്യക്തിബന്ധം പുലർത്തിയിരുന്നു. ഇ.എം.എസ്സിന്റെ മകൾ എന്ന നിലയിൽ തുടങ്ങിയ ആ പരിചയം പിന്നീട് ആ കുടുംബവുമായുള്ള ആത്മബന്ധമായി വളർന്നു. എപ്പോഴും ലളിതമായ പെരുമാറ്റവും വ്യക്തമായ രാഷ്ട്രീയ നിലപാടുകളും രാധയെ വ്യത്യസ്തയാക്കിയിരുന്നു.

ഇഎംഎസിനെക്കുറിച്ചുള്ള മകളുടെ ഓർമ്മകൾ പുസ്തകരൂപത്തിൽ രാധ പങ്കുവെച്ചിട്ടുണ്ട്. തൻറെ ആത്മകഥയിൽ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഒഴിവാക്കിയ ഇഎംഎസിന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും വൈകാരികമായ ഉൾക്കാഴ്ച നൽകുന്ന രചനയായാണ് ആ പുസ്തകം സ്വീകരിക്കപ്പെട്ടത്.

ഇ.എം. രാധയുടെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനത്തിനും പൊതുസമൂഹത്തിനും നികത്താനാവാത്ത വലിയ നഷ്ടമാണ്. പ്രിയ സഖാവിന്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *