വണ്ടൂർ: പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ച കേസിൽ 46-കാരനെ വണ്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. തിരുവാലി പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശി വട്ടപ്പറമ്പിൽ നൗഫലാണ് അറസ്റ്റിലായത്. വണ്ടൂർ സി.ഐ. ഇ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. പകർത്തിയ ദൃശ്യങ്ങൾ പ്രതിയുടെ മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്നതായി പോലീസ് കണ്ടെത്തി. പ്രതിയുടെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശിയായ മുരുകലയ വീട്ടിൽ വിജയകുമാർ (70) കളിപ്പാട്ടങ്ങൾ നൽകി പ്രലോഭിപ്പിച്ച് പത്തുവയസ്സുകാരിയെ വീടിന് സമീപത്തെ കുറ്റിക്കാട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അയൽവാസിയായ നൗഫൽ ഇയാൾ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നത് കാണുകയും തുടർന്ന് ഒളിച്ചിരുന്ന് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.
കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ വിവരങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഈ മാസം 11-ന് വിജയകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നിലവിൽ റിമാൻഡിലാണ്.
വിജയകുമാറുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പീഡനദൃശ്യങ്ങൾ നൗഫൽ മൊബൈലിൽ പകർത്തി സൂക്ഷിച്ചതായി പോലീസിന് വിവരം ലഭിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പീഡനദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചതിനും സംഭവം അധികൃതരെ അറിയിക്കാതിരുന്നതിനും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നൗഫലിനെതിരെ കേസെടുത്തിട്ടുള്ളത്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി. എ.എസ്.ഐ. പി.പി. മുഹമ്മദ് അസ്ലം, എസ്.സി.പി.ഒ. എം. ലിജേഷ്, ഉമ്മുൽ സമീമ, സാബിറ, ജാഫർ, ഡ്രൈവർ ഷഹബിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
