തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസ് വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. ഇനി ഒരു തീരുമാനവും എടുക്കില്ലെന്നും പറയാനുള്ളത് ഉദ്യോഗസ്ഥര്‍ പറയുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. വിവാദത്തിന് ശേഷം ആദ്യമായാണു ഗണേഷിന്റെ പ്രതികരണം. ഞാന്‍ പറയുന്നത് സത്യമെന്ന് ദൈവത്തിന് മുന്നില്‍ തെളിയും. ആരെയും ദ്രോഹിക്കാറില്ല, എന്നെ ദ്രോഹിക്കാന്‍ ചില ആളുകള്‍ക്ക് താല്‍പര്യമുണ്ട്. ഇനി ഒരു തീരുമാനവും എടുക്കില്ല. പറയാനുള്ളത് ഉദ്യോഗസ്ഥര്‍ പറയുമെന്ന് ഗണേഷ് വ്യക്തമാക്കി.
മന്ത്രി പദവി ഏറ്റെടുത്തശേഷം, കെ.എസ്.ആര്‍.ടി.സിയെ സംബന്ധിച്ച് ഇ-ബസ് വേണ്ടെന്ന നിലപാടാണ് ഗണേഷ് സ്വീകരിച്ചത്. ഇതിനു ഇടതുമുന്നണിയില്‍ പിന്തുണ ലഭിച്ചില്ല. ആധുനിക കാലഘട്ടത്തില്‍ ഇ-ബസുകള്‍ ആവശ്യമാണെന്നാണ് സിപിഎം നിലപാട്. ഇതിനിടെ, തിരുവനന്തപുരം കോര്‍പ്പറേഷന്‍ പുതിയ ഇ-ബസ് വാങ്ങാന്‍ തീരുമാനമെടുത്തു. ഈ സാഹചര്യത്തില്‍ ഗണേഷ് കുമാറിന്റെ പ്രസ്താവനകളെ തള്ളിക്കൊണ്ടാണ് ഇടതുമുന്നണി പോകുന്നതെന്ന് വ്യക്തമായിരുന്നു.