ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ തനിക്ക് നേരത്തെ അറിയില്ലായിരുന്നുവെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. 2019-ൽ ആറ്റിങ്ങൽ എംപിയായ ശേഷമാണ് പോറ്റി തന്നെ ആദ്യമായി കാണാൻ വന്നത്. ശബരിമലയിലെ അന്നദാന ചടങ്ങിലേക്ക് ക്ഷണിക്കാനായിരുന്നു ആ കൂടിക്കാഴ്ച. അന്ന് അവിടെ നടന്ന അന്നദാനത്തിൽ താൻ പങ്കെടുത്തിരുന്നുവെന്നും എന്നാൽ പോറ്റിയുടെ പശ്ചാത്തലത്തെക്കുറിച്ച് അന്ന് അറിവില്ലായിരുന്നുവെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
പോറ്റിയുടെ പിതാവ് മരിച്ച സമയത്ത് പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ടതനുസരിച്ചാണ് അദ്ദേഹത്തിന്റെ വീട്ടിൽ പോയതെന്ന് അടൂർ പ്രകാശ് വിശദീകരിച്ചു. കൂടാതെ, കെപിസിസി ജനറൽ സെക്രട്ടറി രമണി പി. നായർക്കൊപ്പം പോറ്റിയുടെ സഹോദരിയുടെ വീട്ടിലും സന്ദർശനം നടത്തിയിട്ടുണ്ട്. സ്വന്തം മണ്ഡലത്തിലെ ആളുകൾ കല്യാണത്തിനോ മറ്റ് ചടങ്ങുകൾക്കോ വിളിക്കുമ്പോൾ പോകാറുള്ളത് ഒരു പൊതുപ്രവർത്തകന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവിൽ വെച്ച് ഉണ്ണികൃഷ്ണൻ പോറ്റി തനിക്ക് നൽകിയ കവറിൽ ഈത്തപ്പഴമായിരുന്നുവെന്നും അത് അപ്പോൾ തന്നെ അവിടെയുള്ളവർക്ക് വിതരണം ചെയ്തുവെന്നും എംപി വെളിപ്പെടുത്തി. പോറ്റിയുടെ സഹോദരിയുടെ മകളുടെ വിവാഹ നിശ്ചയത്തിന് ക്ഷണിക്കാനാണ് അദ്ദേഹം വന്നതെന്നാണ് ഓർമ്മ. സോണിയ ഗാന്ധിയെ കാണാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും എംപി എന്ന നിലയിൽ കൂടെ വരണമെന്നും ആവശ്യപ്പെട്ടതുകൊണ്ടാണ് അന്ന് പോറ്റിക്കൊപ്പം പോയതെന്നും അദ്ദേഹം വ്യക്തമാക്കി.
പോറ്റിയുമായി നടത്തിയ കൂടിക്കാഴ്ചകളുടെ ചിത്രങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് അടൂർ പ്രകാശിന്റെ വിശദീകരണം. തന്നെ കാണാൻ വരുന്നവരെ മാന്യമായി സ്വീകരിക്കാറുണ്ടെന്നും അതിൽ കൂടുതൽ ഒന്നും ഉണ്ണികൃഷ്ണൻ പോറ്റിയുമായില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഉണ്ണികൃഷ്ണൻ പോറ്റി സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രനൊപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. രാഷ്ട്രീയ നേതാക്കളുമായുള്ള പോറ്റിയുടെ അടുത്ത ബന്ധം കേസിൽ വലിയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.
