മന്ത്രി കെ ബി ഗണേഷ് കുമാർ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ നടത്തിയ പരാമർശങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. ഉമ്മൻചാണ്ടി ആരുടെയും ജീവിതം തകർത്തിട്ടില്ലെന്നും ആക്ഷേപകരമായ പ്രസ്താവന പിൻവലിച്ച് മന്ത്രി മാപ്പ് പറയണമെന്നും സതീശൻ ഡൽഹിയിൽ ആവശ്യപ്പെട്ടു. ഗണേഷ് കുമാറിന്റെ കുടുംബപ്രശ്നങ്ങൾ പരിഹരിക്കാനാണ് ഉമ്മൻചാണ്ടി ശ്രമിച്ചതെന്നും ഇക്കാര്യം ഗണേഷിന്റെ ഭാര്യ തന്നെ നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിവാദമായ ഉണ്ണികൃഷ്ണൻ പോറ്റി – അടൂർ പ്രകാശ് കൂടിക്കാഴ്ചയെ സതീശൻ ന്യായീകരിച്ചു. മുഖ്യമന്ത്രി പോലും പോറ്റിക്കൊപ്പം നിന്ന സാഹചര്യത്തിൽ, മണ്ഡലത്തിലുള്ള ഒരാളെ പരിചയപ്പെടുന്നതിൽ തെറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാൽ ഇതേ വിഷയത്തിലുള്ള ചോദ്യങ്ങളിൽ നിന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഒഴിഞ്ഞുമാറി. മറ്റ് ഔദ്യോഗിക പരിപാടികൾ ഉള്ളതിനാലാണ് ശശി തരൂർ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാത്തതെന്ന് വിശദീകരിച്ച സണ്ണി ജോസഫ്, പാർട്ടി ആവശ്യപ്പെട്ടാൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വ്യക്തമാക്കി.
