മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ പ്രശംസയിൽ മൂടി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ശ്രീലങ്കക്കെതിരായ ടി-20 പരമ്പരയ്ക്ക് മുൻപ് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് രോഹിത് സഞ്ജുവിനെ കുറിച്ച് പറഞ്ഞത്.
സഞ്ജു അതിശയിപ്പിക്കുന്ന താരമാണെന്നും താരത്തെ ലോകകപ്പ് ടീമിൽ പരിഗണിക്കുമെന്നും രോഹിത് പറഞ്ഞു.
അതിശയിപ്പിക്കുന്ന താരമാണ് സഞ്ജു . എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന ഇന്നിങ്‌സ് സഞ്ജുവിൽ നിന്ന് നമ്മൾ കണ്ടിട്ടുണ്ട്. വിജയിക്കാനുള്ള കഴിവ് അദ്ദേഹത്തിലുണ്ട്. അതാണ് ഇവിടെ പ്രധാനം. കഴിവുള്ള ഒരുപാട് താരങ്ങളുണ്ട്. ആ കഴിവിനെ പരമാവധി ഉപയോഗപ്പെടുത്തുക എന്നത് സഞ്ജുവിൻ്റെ കയ്യിലാണ്. ടീം മാനേജ്മെൻ്റ് എന്ന നിലയിൽ അദ്ദേഹത്തിൽ ഒറ്റക്ക് കളി ജയിപ്പിക്കാനുള്ള കഴിവ് ഞങ്ങൾ കാണുന്നു. ഞങ്ങൾക്കായി അദ്ദേഹം കളിക്കുമ്പോൾ അദ്ദേഹത്തിന് ആ ആത്മവിശ്വാസം നൽകാൻ ശ്രമിക്കും. ലോകകപ്പ് ടീമിൽ സഞ്ജുവിനെ പരിഗണിക്കുന്നുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തിയത്. അദ്ദേഹത്തിൻ്റെ ബാക്ക്ഫൂട്ടിലെ കളി വിസ്മയിപ്പിക്കുന്നതാണ്. ഐപിഎലിൽ നിങ്ങൾ കണ്ടിട്ടുള്ള ചില ഷോട്ടുകൾ, പിക്കപ്പ് പുൾ, കട്ട് ഷോട്ട്, ബൗളറുടെ തലയ്ക്ക് മുകളിലൂടെയുള്ള ഷോട്ടുകളൊക്കെ കളിക്കാൻ ബുദ്ധിമുട്ടാണ്. ഓസ്ട്രേലിയയിലേക്ക് പോകുമ്പോൾ അത്തരം ഷോട്ടുകൾ കളിക്കാനുള്ള കഴിവാണ് വേണ്ടത്. അത് സഞ്ജുവിലുണ്ട്.”- രോഹിത് പറഞ്ഞു.