പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യുസി രാമൻ. തന്റെ കൈക്കുഞ്ഞിനെയുമായി ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന യാത്രക്കാരനെ പിടിക്കാൻ ,എ ഐ ക്യാമറ വെച്ച് അതിലൂടെ പിഴ ചുമത്തി അവൻറെ കീശ കാലിയാക്കുബോൾ തന്നെ , കെട്ടിട നികുതിയും, കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസും, വൻ തോതിൽ വർദ്ധനവ് നടത്തി ഒരു വീടുണ്ടാക്കാൻ പോകുന്നവന്റെ പ്രതീക്ഷയുടെ കടക്കൽ ഈ ഗവണ്മന്റ് കത്തി വെച്ചിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ കരിങ്കൽ കോറി ക്രഷർ മേഖലയുടെ പ്രവർത്തനവും പിണറായി സർക്കാരിൻറെ തലതിരിഞ്ഞ നടപടിയുടെ ഭാഗമായി നിശ്ചലമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഓൾ കേരള ക്വാറി ആൻഡ് ക്രഷർ അസോസിയേഷൻ നടത്തുന്ന വാഹന പ്രചരണ ജാഥ മാവൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രഷർ കോറി മേഖലയിൽ വൻ നികുതി വർദ്ധനവാണ് കേരള സർക്കാർ വരുത്തിയിട്ടുള്ളത്. 24 രൂപയുണ്ടായിരുന്ന റോയൽറ്റി 100% വർദ്ധിപ്പിച്ച് 48 രൂപയായി മാറ്റിയിരിക്കുന്നു. ഒരു ലക്ഷം ഉണ്ടായിരുന്ന സെക്യൂരിറ്റി 400% വർദ്ധിപ്പിച്ച് 5 ലക്ഷം ആക്കി ഉയർത്തിയിരിക്കുന്നു .ലീസ് നിയമം തെറ്റിച്ചാൽ അടയ്ക്കേണ്ട പിഴ 25,000 ത്തിൽ നിന്ന് 400 ഇരട്ടി വർദ്ധിപ്പിച്ച് 5 ലക്ഷം രൂപ ആക്കി ഉയർത്തിയിരിക്കുന്നു. ചുരുക്കത്തിൽ ഒരു പിടിച്ചുപറിക്കാരന്‍റെ പ്രതിരൂപമായി മുഖ്യമന്ത്രി മാറിയിരിക്കുന്നു.
പിടിച്ചുനിൽക്കാൻ നിവൃത്തിയില്ലാത്തതിന്റെ പേരിൽ കോറി ക്രഷർ ഉടമകൾ ഇപ്പോൾ സമര രംഗത്താണ് . ജൂൺ മാസം മഴ പ്രതീക്ഷിക്കുന്ന കേരളത്തിൽ, നിർമ്മാണപ്രവർത്തികൾ അതിനുമുമ്പേ തീർക്കേണ്ടുന്നതിന് പകരം ഈ സമരം മൂലും നിശ്ചലമായിരിക്കുകയാണ്. നാഷണൽ ഹൈവേയുടെ പ്രവർത്തനങ്ങൾ, സ്റ്റേറ്റ് ഹൈവേയുടെ പ്രവർത്തനങ്ങൾ, എംഎൽഎ ഫണ്ട്, എംപി ഫണ്ട്, ത്രിതല പഞ്ചായത്തിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങൾ, മറ്റു സ്വകാര്യ വ്യക്തികളുടെ കെട്ടിട നിർമ്മാണങ്ങൾ തുടങ്ങിയ എല്ലാ പ്രവർത്തികളും ഈ സമരത്തെ തുടർന്ന് നിശ്ചല മായിരിക്കുകയാണ്.
കോറിയിലും ക്രഷറിലും പ്രവർത്തിക്കുന്ന തൊഴിലാളികൾ മാത്രമല്ല ലോറി ജീവനക്കാരും, കൽപ്പണിക്കാർ, കോൺഗ്രീറ്റ് പണിക്കാർ ,ടാറിങ് തൊഴിലാളികൾ എന്ന് വേണ്ട ലക്ഷക്കണക്കിന് തൊഴിലാളികളുടെ തൊഴിലും ഇതോടുകൂടി നഷ്ടമായിരിക്കുകയാണ്. സംസ്ഥാനത്തെ മുഴുവൻ മദ്യഷാപ്പ് അങ്ങ് പൂട്ടിപ്പോയാലും സമൂഹത്തിൽ സാരമായ ഒരു പ്രശ്നവുമില്ല, എന്നാൽ നിശ്ചലമായ നിർമ്മാണ പ്രവർത്തികൾ മഴക്കു മുമ്പേ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ വികസന രംഗത്ത് അത് വലിയ പ്രതിസന്ധി ഉണ്ടാക്കും. അതുകൊണ്ട് പിണറായി സർക്കാർ ദുരഭിമാനം വെടിയണം.
ക്രഷർ ഉടമസ്ഥൻമാരുമായി സംസാരിക്കണം. വർദ്ധിപ്പിച്ച നികുതി കുറച്ചു കൊടുക്കണം. അതുവഴി സമരം അവസാനിപ്പിച്ചു നിർമ്മാണ പ്രവർത്തികൾ പുനരാരംഭിക്കാനും, തൊഴിലാളികൾക്ക് ജോലി ഉറപ്പുവരുത്താനും അടിയന്തരമായി കേരള സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പി .സി.അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു.
