തമിഴ്നാട് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആവേശകരമായി പുരോഗമിക്കുന്നു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ ആദ്യ മണിക്കൂറുകളിൽ തന്നെ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. ചെന്നൈയിൽ കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഈ തിരഞ്ഞെടുപ്പിൽ തമിഴ്നാട് വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഡിഎംകെ ഭരണത്തുടർച്ച ലക്ഷ്യമിടുമ്പോൾ, കരുത്തുറ്റ തിരിച്ചുവരവിനായി എഐഎഡിഎംകെയും കന്നി പോരാട്ടത്തിൽ സാന്നിധ്യമറിയിക്കാൻ വിജയിന്റെ ടിവികെയും രംഗത്തുണ്ട്. 234 മണ്ഡലങ്ങളിലായി നാലായിരത്തിലധികം സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
തിരഞ്ഞെടുപ്പ് പുരോഗമിക്കവെ വോട്ടെടുപ്പ് സമയം രണ്ട് മണിക്കൂർ കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ഗതാഗത തടസ്സവും പോളിങ് ബൂത്തുകളിലെ കാലതാമസവും കാരണം വോട്ടർമാർ ഏറെ നേരം കാത്തുനിൽക്കേണ്ടി വരുന്നത് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം. അതേസമയം, വോട്ടെടുപ്പിനിടെ പലയിടങ്ങളിലും ചെറിയ രീതിയിലുള്ള സംഘർഷങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
