കോടതി പറയുന്ന ദിവസം ഹാജർ ആവാൻ തയ്യാറാണെന്ന് യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിൽ കഴിയുന്ന നടൻ വിജയ് ബാബു. നടൻ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഇക്കാര്യം പറഞ്ഞത്.അന്വേഷണവുമായി സഹകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ അപ്പോഴാണ് വിജയ് ബാബു രാജ്യത്തുണ്ടോയെന്ന് കോടതി ആരാഞ്ഞത്. ഇല്ലെന്നും വിദേശത്താണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ആദ്യം മടക്കയാത്രക്കുള്ള ടിക്കറ്റ് ഹാജരാക്കൂ. അതിനുശേഷം ഹര്‍ജി പരിഗണിക്കാമെന്ന് ജസ്റ്റിസ് പി ഗോപിനാഥ് പറഞ്ഞു. ആദ്യം കോടതിയുടെ പരിധിയിലേക്ക് വിജയ് ബാബു വരട്ടെ. അതിനുശേഷം അന്വേഷണ ഉദ്യോഗസ്ഥന്റെ അടുത്തേക്ക് പോകണോ വേണ്ടയോ എന്നതില്‍ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. അടുത്ത വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ കേസ് പരിഗണിക്കണമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ ടിക്കറ്റ് ബുക്ക് ചെയ്ത് കോടതിയിൽ സമർപ്പിക്കുമ്പോൾ പരിഗണിക്കാമെന്ന് നിലപാടെടുത്ത കോടതി ഹ‍ർജി പിന്നീട് പരിഗണിക്കാനായി മാറ്റി.

വിജയ് ബാബു അന്വേഷണത്തില്‍ നിന്നും ഒളിച്ചോടിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. നടിയുടെ ബലാത്സംഗ പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ വിജയ് ബാബു വിദേശത്തേക്ക് മുങ്ങുകയായിരുന്നു. ഇയാള്‍ ഇപ്പോള്‍ ജോര്‍ജിയയില്‍ ഉള്ളതായാണ് സംശയിക്കുന്നത്. കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി കരാറില്ലാത്ത രാജ്യമാണ് ജോര്‍ജിയ.

Leave a Reply

Your email address will not be published. Required fields are marked *