തിരുവനന്തപുരം: വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സാമൂഹികമാധ്യമത്തിലൂടെ റീല്‍സ് തുടരുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദേശീയപാത നിര്‍മാണത്തിലെ അപാകം സംബന്ധിച്ച് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം.
മന്ത്രിമാര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കണമെന്ന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ട്. അത്തരം റീല്‍സുകള്‍ ജനങ്ങള്‍ ഏറ്റെടുക്കുന്നത് എതിര്‍ക്കുന്നവര്‍ക്ക് തലവേദനയാണ്. എത്ര വിമര്‍ശിച്ചാലും റീല്‍സ് ഇടുന്നത് തുടരുകതന്നെ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
ദേശീയപാത 66-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ പങ്ക് എന്തെന്ന് നേരത്തേ വിശദീകരിച്ചതാണ്. കോണ്‍ഗ്രസും ബിജെപിയും അത് ഉള്‍ക്കൊള്ളാത്തതിന്റെപിന്നില്‍ രാഷ്ട്രീയമാണ്. നിര്‍മാണത്തിലുള്ള ഭാഗം ഇടിഞ്ഞതില്‍ പ്രതിഷേധിച്ച് നിര്‍മാണം പ്രതിസന്ധിയിലാക്കാനുള്ള രാഷ്ട്രീയനീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും േദശീയപാതാ അതോറിറ്റിയിലെ സാങ്കേതികവിദഗ്ധര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട്
ചര്‍ച്ചചെയ്ത് മറ്റുകാര്യങ്ങള്‍ നിശ്ചയിക്കുമെന്നും ഫെയ്സ്ബുക്ക് പേജിലൂടെ മന്ത്രി പ്രതികരിച്ചു.