തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ നിര്‍ണായക തെളിവുകള്‍ വീണ്ടെടുത്ത് പൊലീസ്. എന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് യുവതിയോട് സുകാന്ത് ടെലഗ്രാം ചാറ്റില്‍ ചോദിക്കുന്നുണ്ട്.
ആഗസ്ത് ഒമ്പതിന് മരിക്കുമെന്നാണ് യുവതി മറുപടി നല്‍കുന്നത്. മറ്റൊരു യുവതിയെ വിവാഹം കഴിയ്ക്കുന്നതിനായി ഒഴിഞ്ഞുതരണമെന്നും സുകാന്ത് പറയുന്നതും പൊലീസ് കണ്ടെടുത്ത ചാറ്റിലുണ്ട്.
ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ശക്തമായ തെളിവാണ് ചാറ്റെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സുകാന്തിന്റെ ഫോണ്‍ വീണ്ടും വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.
എനിക്ക് നിന്നെ വേണ്ടെന്നും നീ ഒഴിഞ്ഞാലേ എനിക്ക് അവളെ കല്യാണം കഴിക്കാന്‍ പറ്റൂ എന്നും സുകാന്ത് ടെലഗ്രാം ചാറ്റില്‍ പറയുന്നുണ്ട്. എനിക്ക് ഭൂമിയില്‍ ജീവിക്കാന്‍ താല്‍പര്യമില്ലെന്നും യുവതി പറയുന്നുണ്ട്. നീ പോയി ചാകണം,എന്ന് ചാകുമെന്നും സുകാന്ത് നിരന്തരം ചോദിക്കുന്നുണ്ട്.ഇതിനൊടുവിലാണ് ആഗസ്ത് ഒമ്പതിന് മരിക്കുമെന്ന് യുവതി മറുപടി നല്‍കുന്നത്. ഫെബ്രുവരി 9 നാണ് സംഭാഷണം നടന്നത്.എന്നാല്‍ ഈ ചാറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇതാണ് പൊലീസ് വീണ്ടെടുത്തത്. കേസില്‍ പ്രതി സുകാന്ത് സുരേഷ് ഇപ്പോഴും ഒളിവിലാണ്.
ഐബി ഉദ്യോഗസ്ഥനായ സുകാന്ത് സുരേഷിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. കേസില്‍ പ്രതിയായതോടെ വകുപ്പുതല അന്വേഷണം നടത്തിയാണ് നടപടിയെടുത്തത്. സുകാന്തിനെതിരെ കേസെടുത്തെന്ന് പൊലീസ് ഐബിയെ അറിയിച്ചിരുന്നു.