മൂന്നാർ ടോപ് സ്റ്റേഷനിൽ വിനോദസഞ്ചാരികളെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ മൂന്ന് പ്രാദേശിക നിവാസികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ടോപ് സ്റ്റേഷൻ സ്വദേശികളായ വിനോദ്, ഋതിക്, ഡേവിഡ് എന്നിവർക്കെതിരെയാണ് കൊരങ്ങണി പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം വഴിയോര കടകൾക്ക് മുന്നിൽ ടൂറിസ്റ്റ് ബസ് നിർത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തിന് നേരെയുള്ള അക്രമത്തിൽ കലാശിച്ചത്. പ്രതികൾക്കായി മൂന്നാറിലും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ടോപ് സ്റ്റേഷനിലുണ്ടായ ഈ അനിഷ്ട സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുമുള്ള അടിയന്തര നടപടികൾക്കായി മൂന്നാറിലെത്തി നേരിട്ട് യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു. അതിർത്തി മേഖലയായതിനാൽ തമിഴ്‌നാട് സർക്കാരിന്റെയും പോലീസിന്റെയും പൂർണ്ണ സഹായം ഉറപ്പാക്കി മൂന്നാറിൽ ക്രമസാധാനം കർശനമായി നിലനിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *