സതാംപ്ടണില്‍ മഴ നിറംകെടുത്തിയ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിന്റെ റിസര്‍വ് ദിനത്തില്‍ പരാജയത്തില്‍നിന്നും കിരീട നഷ്ടത്തില്‍നിന്നും രക്ഷപ്പെടാന്‍ ഇന്ത്യയെ മഴകൂടി തുണയ്ക്കാതെ രക്ഷയില്ല. വിജയപ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ച ഇന്ത്യയ്ക്കു കളിയുടെ അവസാന ദിനമായ ഇന്നു തോല്‍വി ഒഴിവാക്കാന്‍ പൊരുതുക മാത്രമാണ് മാര്‍ഗം. ആകാശം ഭാഗികമായി മേഘാവൃതമാകുമെങ്കിലും മഴയ്ക്കു സാധ്യത കുറവാണെന്ന കാലാവസ്ഥാ പ്രവചനവും വെല്ലുവിളിയാണ്. മത്സരം സമനിലയില്‍ അവസാനിച്ചാല്‍ ഇരു ടീമുകളും സംയുക്ത ജേതാക്കളാകും.
മഴ മാറി നിന്ന 5ാം ദിനം 32 റണ്‍സ് ലീഡ് നേടിയ ന്യൂസീലന്‍ഡിനെതിരെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ നില അത്ര ആശാവഹമല്ല. അഞ്ചാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 8 വിക്കറ്റു കൂടി ശേഷിക്കെ 32 റണ്‍സ് മാത്രം മുന്നില്‍. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും(30) ശുഭ്മന്‍ ഗില്ലുമാണ്(8) പുറത്തായത്. ചേതേശ്വര്‍ പൂജാര(12), ക്യാപ്റ്റന്‍ വിരാട് കോലി(8) എന്നിവരാണു ക്രീസില്‍.
നേരത്തേ, 2ന് 101 എന്ന നിലയില്‍ ബാറ്റിങ് പുനഃരാരംഭിച്ച ന്യൂസീലന്‍ഡിന്റെ ഇന്നിങ്‌സ് 249ല്‍ അവസാനിച്ചു. പേസര്‍മാരായ മുഹമ്മദ് ഷമി നാലും ഇഷാന്ത് ശര്‍മ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ 49നു പുറത്തായി. ഇന്നലെയും മത്സരം വൈകിയാണ് പുനരാരംഭിച്ചത്. പേസര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ ബോളിങ്ങിന്റെ കുന്തമുനയാകുമെന്നു കരുതപ്പെട്ടിരുന്ന ജസ്പ്രീത് ബുമ്ര നിറംമങ്ങിയപ്പോള്‍ ഇന്ത്യയെ മത്സരത്തിലേക്കു തിരിച്ചെത്തിച്ചത് മുഹമ്മദ് ഷമിയുടെ ഉജ്വല പ്രകടനമാണ്.
റോസ് ടെയ്‌ലര്‍(11), ബി.ജെ. വാട്‌ലിങ്(1), കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം(13), കൈല്‍ ജയ്മിസന്‍(21) എന്നിവരെ മടക്കി കിവീസ് മധ്യനിരയുടെ നടുവൊടിച്ച സ്‌പെല്ലില്‍ സ്വിങ്ങും സീമും ബൗണ്‍സുമെല്ലാം പാകത്തിന്. ന്യൂസീലന്‍ഡ് പിടിച്ചുനില്‍ക്കുമെന്നു തോന്നിച്ച ഘട്ടത്തിലൊക്കെ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ ഷമിക്ക് ഇഷാന്ത് ശര്‍മ മികച്ച പിന്തുണ നല്‍കി.