താലിബാന് അനുകൂല ഹാഷ് ടാഗ് ഉപയോഗിച്ച അര്‍ണാബ് ഗോസ്വാമിയുടെ റിപബ്ലിക് ടി.വിക്കെതിരെ സോഷ്യല്‍ മീഡിയ. അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരം പിടിച്ചതിന് ശേഷം പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് റിപബ്ലിക് ടി.വി താലിബാന് അനുകൂല ഹാഷ് ടാഗുമായി രംഗത്തെത്തിയത്. വിത്ത് താലിബാന് എന്നായിരുന്നു ഹാഷ് ടാഗ്. വാര്‍ത്ത ട്വിറ്ററില്‍ ട്രെന്‍ഡിംഗായതോടെ അര്‍ണാബ് ഗോസ്വാമിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യമുയര്‍ന്നു. എന്നാല്‍ സംഭവത്തില്‍ ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല.
നേരത്തെ സോഷ്യല്‍ മീഡിയയില്‍ താലിബാനെ പിന്തുണച്ച് പ്രതികരിച്ച 14 പേര് അറസ്റ്റിലായിരുന്നു. അസമിലെ കംരുപ്, ധുബ്രി, ബാര്‍പ്പെട്ട ജില്ലകളില്‍ നിന്നുള്ള രണ്ടു പേര് വീതവും ധരങ്, കഛാര്‍, ഹെയ്ലകണ്ടി, സൌത്ത് സല്‍മാര, ഹോജോയ്, ഗോല്‍പാര എന്നീ ജില്ലകളില്‍ നിന്നും ഒരോരുത്തരുമാണ് പൊലീസ് പിടിയിലായിരിക്കുന്നത്. ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ വ്യക്തമായിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
ഇത്തരം ആളുകളെ ശക്തമായി നിരീക്ഷിക്കാനാണ് സംസ്ഥാന പൊലീസിന്റെ തീരുമാനമെന്ന് അസം സ്പെഷ്യല്‍ ഡിജിപി ജിപി സിംഗ് വ്യക്തമാക്കി. അറസ്റ്റിലായവര്‍ താലിബാന് അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും താലിബാന് അനുകൂല പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതിന് ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.