ടോക്കിയോ: സുനാമി ദുരന്തം കേടുപാടുകള്‍ വിതച്ച ഫുക്കുഷിമ ആണവനിലയത്തിലെ മലിനജലം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കുന്ന പദ്ധതിക്ക് ജപ്പാന്‍ വ്യാഴാഴ്ച തുടക്കമിടും. ശേഷിക്കുന്ന 13.4 ലക്ഷം ടണ്‍ വെള്ളമാണ് ഇങ്ങനെ ഒഴുക്കി കളയാനൊരുങ്ങുന്നത്. പ്രതിദിനം അഞ്ച് ലക്ഷം ടണ്‍ ജലം വീതമാണ് ഒഴുക്കികളയുക. ദുരന്തം നടന്ന് 12 വര്‍ഷം പിന്നിടുമ്പോഴാണ് തന്ത്രപ്രധാനമായ തീരുമാനം അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.

മലിനജലം കടലില്‍ ഒഴുക്കുന്നതിനെ ദക്ഷിണകൊറിയയും ചൈനയും എതിര്‍ത്തിരുന്നു. ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയുടെ റിപ്പോര്‍ട്ട് മലിനജലം കടലില്‍ ഒഴുക്കുന്നത് പരിസ്ഥിതിയെ ബാധിക്കില്ലെന്നാണ് പറയുന്നത്. 500 ഒളിംപിക് സ്വിമ്മിങ് പൂളുകള്‍ക്ക് സമാനമായ ജലമാണ് കടലിലേക്കെത്തുക. റേഡിയോ ആക്ടീവ് ഘടകങ്ങള്‍ ഫില്‍റ്റര്‍ ചെയ്താണ് വെള്ളം പുറത്തേക്ക് വിടുക.

മലിനജലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ട്രിറ്റിയം, കാര്‍ബണ്‍ 12 തുടങ്ങിയവ മാത്രമേ ഉള്ളൂവെന്നാണ് അധികൃതരുടെ വാദം. ആയിരത്തിലധികം ടാങ്കുകളിലാണ് നിലവില്‍ മലിനജലം സൂക്ഷിച്ചിരിക്കുന്നത്. ഫുക്കുഷിമ മേഖലയില്‍ നിന്നുള്ള മത്സ്യങ്ങളുടെ കയറ്റുമതിക്ക് ദക്ഷിണ കൊറിയയും ചൈനയും പൂര്‍ണമായും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മലിനജലം പസഫിക് സമുദ്രത്തിലെത്തുന്ന ആശങ്ക പരിഗണിച്ച് ദക്ഷിണ കൊറിയ കടലിലെ ഉപ്പ് വന്‍തോതില്‍ ശേഖരിച്ച് കഴിഞ്ഞു. ജപ്പാനിലെ പ്രാദേശിക മത്സ്യബന്ധന സമൂഹവും ആശങ്കയിലാണ്. 1971-ലാണ് ഫുക്കുഷിമ ഡൈച്ചി ന്യുക്ലിയര്‍ പവര്‍ പ്ലാന്റ് ആദ്യമായി കമ്മീഷന്‍ ചെയ്യുന്നത്. 2011-ലെ സുനാമിക്കും ഭൂകമ്പത്തിനും ശേഷം ആണവ നിലയത്തിലെ പല റിയാക്ടറുകളും തകരാറിലായി. ഇതിന് ശേഷമാണ് പ്ലാന്റ് പൂര്‍ണമായും പ്രവര്‍ത്തനരഹിതമായത്.

Leave a Reply

Your email address will not be published. Required fields are marked *