ശാന്തി നഗറിലെ പട്ടയ പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് എന്നിവര്‍ പ്രദേശം സന്ദര്‍ശിച്ചു. പട്ടയ അസംബ്ലിയില്‍ കോഴിക്കോട് താലൂക്കിലെ പുതിയങ്ങാടി വില്ലേജിലുള്ള ശാന്തി നഗറില്‍ താമസിക്കുന്ന 330ഓളം കുടുംബങ്ങളുടെ പട്ടയ പ്രശ്‌നങ്ങള്‍ റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ രാജന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു സന്ദര്‍ശനം. റവന്യു ഉദ്യോഗസ്ഥരുടെയും ജില്ലാ കലക്ടറുടെ ഇന്റേണ്‍സിന്റെയും നേതൃത്വത്തില്‍ ഓരോ കൈവശക്കാരുടെയും രേഖകള്‍ പരിശോധിച്ച് പട്ടയം നല്‍കുന്നതിനുള്ള വിവര ശേഖരണമാണ് നടക്കുന്നത്.

പുതിയങ്ങാടിയില്‍ ടൗണ്‍ സര്‍വേ ഫീല്‍ഡുകളിലും അതിനോട് ചേര്‍ന്ന് കിടക്കുന്ന സര്‍വേ ചെയ്യാത്ത കടല്‍ പുറമ്പോക്ക് ഭൂമികളിലുമായി 1988 മുതല്‍ 2010 വരെയുള്ള വര്‍ഷങ്ങളില്‍ നിരവധി കടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയിരുന്നു. ഇതില്‍ 214 കുടുംബങ്ങള്‍ക്ക് ഹൗസിങ് ബോര്‍ഡ് വഴി വീടുകള്‍ നിര്‍മിച്ച് നല്‍കുകയും ചെയ്തു. കൃത്യമായ പരിശോധനകളിലൂടെയല്ലാതെ വീടുകള്‍ നിര്‍മിച്ചതിനാല്‍ പട്ടയ പ്രശ്‌നങ്ങള്‍ നേരിടുകയാണ് മിക്ക കുടുംബങ്ങളും. കടല്‍ഭിത്തി നിര്‍മിച്ചതിന് 50 മീറ്റര്‍ ചുറ്റളവില്‍ ഉള്ളവരുടെ വീടുകള്‍ കടല്‍ക്ഷോഭ ഭീഷണിയും നേരിടുന്നുണ്ട്. ഇതിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള വിവര ശേഖരണം കൂടിയാണ് നടന്നുവരുന്നത്.

ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) പി എന്‍ പുരുഷോത്തമന്‍, കോഴിക്കോട് തഹസില്‍ദാര്‍ പ്രേം ലാല്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ജയരാജ്, ശ്രീജിത്ത്, ദിനേശന്‍, വില്ലേജ് ഓഫീസര്‍ ദീപ്തി വാസുദേവന്‍, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *