ഇന്ധനവില വര്‍ധന വിലക്കയറ്റം എന്നിവ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാറിനെതിരെ പ്രതിഷേധിക്കാന്‍ മെഗാ റാലി നടത്താനൊരുങ്ങി പ്രിയങ്ക ഗാന്ധി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തോടനുബന്ധിച്ച് ഡിസംബര്‍ ആദ്യവാരം ഡല്‍ഹിയിലായിരിക്കും റാലി നടത്തുക. 2019 ന് ശേഷമുള്ള ഏറ്റവും വലിയ റാലിയായിരിക്കും ഇത്.

നരേന്ദ്ര മോദി സര്‍ക്കാരിനു കീഴില്‍ അവശ്യ വസ്തുക്കളുടെ വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ജന ജാഗരണ്‍ അഭിയാന്‍ എന്ന പേരില്‍ രണ്ടാഴ്ച്ച നീളുന്ന പ്രധിഷേധ പരിപാടികള്‍ നടത്താന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തിട്ടുണ്ട്. ഇതിന്റെ സമാപനമായിട്ടായിരിക്കും റാലി നടത്തുക.

റാലി ആസൂത്രണം ചെയ്യാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പാര്‍ട്ടിയുടെ പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി, പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജോത് സിദ്ദു, ഹരിയാന മുന്‍ മുഖ്യമന്ത്രി ഭുപീന്ദര്‍ ഹൂഡ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, സച്ചിന്‍ പൈലറ്റ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

റാലിക്ക് രാംലീല മൈതാനം വേണമെന്ന കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥന കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. അനുമതി ലഭിച്ചില്ലെങ്കില്‍ ദ്വാരക ഗ്രൗണ്ടിലേക്ക് റാലി നടത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *