വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നതിലുപരി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനാണ് തനിക്ക് താല്പര്യമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ വ്യക്തമാക്കി. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് വ്യക്തിപരമായ ഇഷ്ടമെന്നും എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം പാർട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുരളീധരനെ ഗുരുവായൂർ മണ്ഡലത്തിൽ മത്സരിപ്പിക്കാൻ കോൺഗ്രസിനുള്ളിൽ ചർച്ചകൾ നടക്കുന്നുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ എപ്പോഴും ശിരസാവഹിച്ചിട്ടുണ്ടെന്നും ബാക്കി കാര്യങ്ങൾ ഹൈക്കമാൻഡും കെപിസിസിയും തീരുമാനിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.
ഗുരുവായൂർ മണ്ഡലത്തിൽ മത്സരിക്കുമെന്ന വാർത്തകൾ വെറും മാധ്യമസൃഷ്ടി മാത്രമാണെന്നും താൻ കേവലം ഒരു ഗുരുവായൂരപ്പ ഭക്തൻ മാത്രമാണെന്നും കെ. മുരളീധരൻ വ്യക്തമാക്കി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട് മത്സരിക്കുന്നതിനേക്കാൾ പാർട്ടിക്ക് നേതൃത്വം നൽകാനും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമാണ് താൻ ആഗ്രഹിക്കുന്നത്. നിലവിൽ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് താൽപ്പര്യമെന്നും സംഘടനയെ ശക്തിപ്പെടുത്താൻ നേതൃത്വത്തെ സഹായിക്കുകയാണ് തന്റെ ഇപ്പോഴത്തെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട ഔദ്യോഗിക ചർച്ചകൾ ജനുവരിയിൽ മാത്രമേ ആരംഭിക്കൂ എന്നും, മത്സരിക്കുന്ന കാര്യത്തിൽ പാർട്ടിയുടെ തീരുമാനം എന്തുതന്നെയായാലും അത് അനുസരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് കൂട്ടിച്ചേർത്തു.
