നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥനെ അപായപ്പെടുത്താൻ ​ഗൂഢാലോചന നടത്തിയെന്ന കേസിൽ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈംബ്രാഞ്ച് ഓഫിസിലെത്തി

ആരോപണങ്ങളെല്ലാം നിഷേധിക്കുന്ന നിലപാടാണ് ആദ്യദിവസത്തെ ചോദ്യം ചെയ്യലിൽ ദിലീപിന്‍റേതെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്.ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞ മൊഴികളിൽ വൈരുദ്ധ്യമുള്ളതായാണ് റിപ്പോർ‍ട്ട്. മൊഴിയിലെ വൈരുധ്യങ്ങൾ അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാകും ക്രൈം ബ്രാഞ്ചിൻ്റെ ഇന്നത്തെ ചോദ്യം ചെയ്യൽ.അഞ്ച് പൊലീസ് സംഘങ്ങളാണ് അഞ്ച് പ്രതികളേയും വേവ്വേറെ ഇരുത്തി മൊഴിയെടുക്കുന്നത്.എസ്പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിൽ ആണ് മൊഴി എടുക്കൽ.

ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിച്ചെന്ന് എസ് പി മോഹനചന്ദ്രൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. സൂരജ്, ബൈജു, അപ്പു എന്നിവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകൾ പിടിച്ചെടുത്തതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡിജിറ്റൽ തെളിവുകളുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നും എസ്പി പറഞ്ഞു. ദിലീപിൻ്റെ സഹോദരി ഭർത്താവ് സൂരജിൽ നിന്ന് കൂടുതൽ മൊഴി വിവരങ്ങൾ ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. സുരാജ് നടത്തിയ പണം ഇടപാടുകൾ അടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലും ഇന്ന് ഉണ്ടാകും.

അതേസമയം, ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിനെതിരെ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സുരാജ് പണം കൈമാറിയതിൻ്റെ തെളിവുകളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.

ഇന്നലെ ദിലീപിനൊപ്പം രണ്ടാം പ്രതിയും സഹോദരനുമായ അനൂപ്, മൂന്നാം പ്രതിയും സഹോദരി ഭർത്താവുമായ സുരാജ് എന്നിവർ 8.52ന് കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. എതാണ്ട് ഇതേ സമയത്തുതന്നെ കേസിലെ മറ്റു രണ്ടു പ്രതികളായ ബാബു ചെങ്ങമനാടും അപ്പുവും ഹാജരായിരുന്നു

കൊലപാതക ഗൂഡാലോചന സംബന്ധിച്ച് ദിലീപിനും കൂട്ടുപ്രതികൾക്കും പറയാനുളളത് മുഴുവൻ കേൾക്കുകയാണ് ആദ്യ ദിവസം അന്വേഷണ സംഘം ചെയ്തത്.
ഇതിനിടെ നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടണമെന്ന സർക്കാരിൻറെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ തുടരന്വേഷണം വേണമെന്നാണ് സർക്കാർ വാദം.എന്നാൽ സർക്കാരിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട്
ദിലീപും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *